കോട്ടയം: പ്രളയത്തിൽ വലഞ്ഞവർക്ക് സർക്കാർ സഹായം നൽകുന്നതായുള്ള വ്യാജ പ്രചാരണം വിശ്വസിച്ച് ജനങ്ങൾ അപേക്ഷ നൽകിയപ്പോൾ കളക്‌ടറേറ്റിൽ ലഭിച്ചത് 'പരാതി' പ്രളയം. മൂന്നു ദിവസത്തിനുള്ളിൽ ലഭിച്ചത് ഏഴായിരത്തോളം അപേക്ഷകളാണ് കളക്‌ടറേറ്റിൽ ലഭിച്ചത്. സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴിയാണ് വൻ തോതിൽ ഇത്തരത്തിൽ പ്രചാരണം നടന്നത്. തുടർന്ന് നിരവധി ആളുകൾ കളക്‌ടറേറ്റിൽ എത്തുകയായിരുന്നു. പ്രളയത്തിൽ തകർന്ന വീടുകളുടെ അറ്റകുറ്റപ്പണിക്ക് ധനസഹായത്തിന് വീണ്ടും അപേക്ഷ സ്വീകരിക്കുെമെന്നും വീട് അറ്റകുറ്റപ്പണിക്ക് കേന്ദ്രസർക്കാറിൽനിന്നും 60,000 രൂപയും സംസ്ഥാനസർക്കാറിൽ നിന്നും ധനസഹായവും ലഭിക്കുമെന്നായിരുന്നു പ്രചാരണം.
എന്നാൽ, ഇതു സംബന്ധിച്ചു സർക്കാർ ഉത്തരവുകളൊന്നും ഇറങ്ങിയിട്ടില്ലാത്തതിനാൽ അപേക്ഷ എന്തു ചെയ്യുമെന്നറിയാതെ സർക്കാർ ജീവനക്കാരും കുഴങ്ങി. ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുകയും സർക്കാറിന്റെ നിർദേശം ലഭിക്കുന്ന മുറക്ക് നടപടി സ്വീകരിക്കാനാണ് റവന്യു വകുപ്പിന്റെ തീരുമാനം.
കുമരകം, അയ്മനം, ആർപ്പൂക്കര, പെരുമ്പായിക്കാട്, തിരുവാർപ്പ്, കുമ്മനം, പള്ളം, നാട്ടകം, വൈക്കം, തലയോലപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ അപേക്ഷകളും എത്തിയത്. പലരും കലക്ടറുടെ പേരിൽ വെള്ളപേപ്പറിലാണ് അപേക്ഷ നൽകിയത്. കലക്ടർക്ക് നൽകിയ അപേക്ഷ സ്വീകരിക്കാതിരിക്കാൻ നിർവാഹമില്ലാത്തതിനാൽ ഫ്രണ്ട് ഓഫിസിലെ ജീവനക്കാർ അതുവാങ്ങിയശേഷം രസീതും നൽകി പലരെയും മടക്കിയയച്ചു. അപേക്ഷകളുടെ എണ്ണം കൂടിയതോടെ ജീവനക്കാർ നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിച്ചെങ്കിലും പലരും ഇതിൽ തൃപ്‌തരായില്ല. പ്രളയത്തിൽ വീടുകളുടെ നാശംനേരിട്ടിട്ടും ലിസ്റ്റിൽഉൾപെടാതെപോയവർക്ക് ജില്ലകലക്ടർക്ക് അപ്പീൽ നൽകാമെന്ന് നേരത്തെ റവന്യൂവകുപ്പ് നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് ലഭിച്ച അപേക്ഷകൾ തീർപ്പാക്കുകയും ചെയ്തിരുന്നു.