തലയോലപ്പറമ്പ്: പ്രതിസന്ധി നേരിടുന്ന വെള്ളൂർ എച്ച്.എൻ.എല്ലിലെ തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും നേതൃത്വത്തിൽ എച്ച്.എൻ.എൽ ഗേറ്റിന് മുന്നിൽ നാളെ കൂട്ടധർണ്ണ സംഘടിപ്പിക്കും. ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ട് 8 മാസമായെന്നും എന്നാൽ ജീവനക്കാർക്ക് അനുകൂലമായൊരു നിലപാട് സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ലെന്നും തൊഴിലാളികൾ പറയുന്നു. നാല് മാസം മുൻപ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ സ്റ്റേ മൂലം ഉത്പാദനം നിർത്തിവയ്‌ക്കേണ്ടി വന്നിരുന്നു.എന്നാൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ സ്റ്റേ പിൻവലിച്ച് മാസങ്ങളായിട്ടും ഉൽപ്പാദനം പുനരാംരംഭിക്കുവാനാവശ്യമായ ഇടപെടലുകൾ കമ്പനി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നിരന്തരമായി സമരം നടത്തിയതിനെ തുടർന്ന് ഉത്പാദനം പുനരാംരംഭിക്കാൻ തീരുമാനിച്ച് പ്രവർത്തനം തുടങ്ങിയെങ്കിലും പ്രവർത്തന മൂലധനത്തിന്റെ അഭാവം മൂലം വീണ്ടും ഉത്പാദനം നിലവിൽ നിറുത്തിവച്ചിരിക്കുകയാണ്. തൊഴിലാളികളുടെ ശമ്പള കുടിശിഖ ഉടൻ വിതരണം ചെയ്യുക, ഫാക്ടറിയുടെ പ്രവർത്തനം ഉടൻ ആരംഭിക്കുക, പ്രവർത്തന മൂലധനം അനുവദിക്കുക, സ്ഥാപനം സംസ്ഥാന സർക്കാരിനെ ഏല്പിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് സമര പരിപാടികൾ കൂടുതൽ ശക്തമാക്കാനാണ് സംയുക്ത ട്രേഡ് യൂണിയനുകളുടെ തീരുമാനം.