കോട്ടയം: പെരുവന്താനം പഞ്ചായത്തിലെ പാഞ്ചാലിമേട്ടിൽ കുരിശ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങൾക്കു പിന്നിൽ പ്രദേശവുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളാണെന്ന് പഞ്ചായത്ത്, ക്ഷേത്രം, ഡി.ടി.പി.സി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വിവിധ മതത്തിൽപ്പെട്ട ആളുകൾ സമാധാനത്തോടെ താമസിക്കുന്ന സ്ഥലമാണ് ഇവിടം. നിലവിൽ തീർത്ഥാടന ടൂറിസം കേന്ദ്രമാണ്. ഇവിടെ ഒരു ക്ഷേത്രവും, ഒരു മലയിൽ കുരിശുമുണ്ട്. കുരിശും ക്ഷേത്രവും നിലനിർത്തി തന്നെ പഞ്ചായത്ത് മുൻ കൈ എടുത്ത് പ്രദേശത്തെ തീർത്ഥാടന ടൂറിസം കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. ഈ വർഷം ഒരു വിഭാഗം വിശ്വാസികൾ ഇവിടെ മരക്കുരിശ് സ്ഥാപിച്ചു. വിവാദം ഉണ്ടായതിനെ തുടർന്ന് വിശ്വാസികൾ തന്നെ ഈ കുരിശ് മാറ്റി സ്ഥാപിച്ചു. ഇവിടേയ്ക്ക് കൂടുതൽ സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ സർക്കാർ 20 ലക്ഷം രൂപ വികസന പ്രവർത്തനങ്ങൾക്കായി അനുവദിച്ചിരുന്നു. ഇരുപത് പേരാണ് നിലവിൽ ഇവിടെ ജോലി ചെയ്യുന്നത്. നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാനും, ടൂറിസത്തെ തകർക്കാനുമുള്ള ശ്രമമാണ് ഇപ്പോഴത്തെ വിവാദങ്ങൾക്കു പിന്നിലെന്നു സംശയിക്കുന്നതായി പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു, ഭുവനേശ്വരി ക്ഷേത്രം ഉപദേശക സമിതി പ്രസിഡിന്റ് കെ.എസ് സുനിൽ ,കെ.ആർ ചന്ദ്രൻ ,ഡി .ടി .പി .സി .സെക്രട്ടറി ജയൻ പി. വിജയൻ, പഞ്ചായത്ത് സെക്രട്ടറി റ്റിജോ തോമസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.