അടൂർ: സ്വകാര്യ ആയുർവേദ നഴ്സിംഗ് സ്ഥാപനത്തിൽ നിന്ന് കാണാതായ പെൺകുട്ടികളെ പൊലീസ് അടൂരിലെത്തിച്ചു. കഴിഞ്ഞ പതിമൂന്നിനാണ് നഴ്സിംഗ് സ്ഥാപനത്തിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായത്. അന്വേഷണത്തിൽ ഇവർ പൂനെയിലേക്ക് പോയതാണെന്ന് അറിഞ്ഞു. സ്ഥാപന ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. റെയിൽവേ പൊലീസിന്റെ സഹായത്തോടെ അടുത്ത ദിവസം വൈകിട്ടോടെ ഇവരെ മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഇവരെ നാട്ടിലെത്തിക്കാൻ വെള്ളിയാഴ്ച അടൂരിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് തിരിച്ച പൊലീസ് സംഘം ഇന്നലെ പെൺകുട്ടികളുമായി മടങ്ങിയെത്തി. ഇവരെ വൈദ്യപരിശോധയ്ക്ക് ശേഷം ഇന്നലെ രാത്രിയിൽ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതിനെത്തുടർന്ന് ജാമ്യത്തിൽ വിട്ടയച്ചവരിൽ ഒരാളെ വീട്ടുകാർ കൂട്ടിക്കൊണ്ടുപോയി. ഒരുകുട്ടി വീട്ടിലേക്ക് പോകാൻ വിസമ്മതിച്ചു. മറ്റൊരാളെ സ്വീകരിക്കാൻ വീട്ടുകാർ തയ്യാറായില്ല. ഇവരെ കോഴഞ്ചേരി മഹിളാമന്ദിരത്തിലേക്ക് മാറ്റി. ഇവരോടൊപ്പം പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവാവിനെ ചോദ്യം ചെയ്തുവരുന്നു.