കോട്ടയം: ബിവറേജസ് കോർപ്പറേഷന്റെ ചങ്ങനാശേരി ഔട്ട്ലെറ്റിൽ നിന്ന് മൂന്ന് മാസത്തിനിടെ 5,84,584 രൂപയുടെ വിദേശ മദ്യം കാണാതെ പോയെന്ന് ഓഡിറ്റിംഗിൽ കണ്ടെത്തി. ഉത്തരവാദികളായ എട്ട് ജീവനക്കാരിൽ നിന്ന് മുഴുവൻ പണവും ഈടാക്കാനുള്ള നടപടിയും തുടങ്ങി.
2019 ജനുവരി നാല് മുതൽ മാർച്ച് 17വരെയുള്ള സ്റ്റോക്കിലാണ് കുറവ്. റിപ്പോർട്ട് ശുപാർശ പ്രകാരം ഷോപ്പ് ഇൻ ചാർജ് അടക്കം ഏഴ് ജീവനക്കാരിൽ നിന്ന് 75,161 രൂപയും വെയർ ഹൗസ് മാനേജരിൽ നിന്ന് 58457 രൂപയും ഈടാക്കണം. എന്നാൽ ഷോപ്പ് ഇൻ ചാർജ് പ്രകാശ് ഇതിനിടെ മരിച്ചുപോയതിനാൽ പണമെങ്ങനെ ഈടാക്കുമെന്നത് ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നുണ്ട്.
കണക്കിൽ തെറ്റുസംഭവിച്ചതാകാമെന്ന വിശദീകരണമാണ് ജീവനക്കാർ നൽകിയതെന്നാണ് സൂചന. എന്നാൽ ഭരണ കക്ഷി അനുകൂല സംഘടനയിൽപ്പെട്ട ജീവനക്കാർ മദ്യം മാറ്റിയെന്നാണ് എതിർവിഭാഗത്തിന്റെ ആരോപണം. സ്റ്റോക്കിൽ പത്ത് ലക്ഷത്തിൽ താഴെയുള്ള മദ്യത്തിലാണ് കുറവ് വരുന്നതെങ്കിൽ ജീവനക്കാരിൽ നിന്ന് ഈടാക്കണമെന്നാണ് നിയമം. അതിന് മുകളിലാണെങ്കിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യും. ലോഡിറക്കുമ്പോൾ കുപ്പി പൊട്ടിയും മറ്റുമുണ്ടാകുന്ന സ്വാഭാവിക നഷ്ടം ഒരു ലക്ഷത്തിന് 50 രൂപ എന്ന നിലയിൽ കുറവ് ചെയ്യാറുണ്ട്. ഇതിന് പുറമേയാണ് ഇത്രയധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്.
₹75161 നൽകേണ്ടവർ
കെ.എസ്.പ്രകാശ്
എം.ജെ.ജോസഫ്
രാജു ആന്റണി
ഷാജി തോമസ്
എം.ജെ.ഫിലിപ്പ്
എൻ.വി.ജോസഫ്
ടി.എൻ.ഷൈൻ
₹58457 നൽകേണ്ടത്
എം.ബാബു (വെയൽ ഹൗസ് മാനേജർ)
'' ജീവനക്കാർ രേഖാമൂലം വിശദീകരണം നൽകിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം തുടർ നടപടിയെടുക്കും'' ഡിപ്പോ മാനേജർ