ഒരു കോടിയുടെ പദ്ധതി അവസാനഘട്ടത്തിൽ
വാഗമൺ: വിനോദസഞ്ചാരകേന്ദ്രമായ വാഗമണ്ണിന്റെ പ്രധാന സവിശേഷത എന്തെന്ന് ചോദിച്ചാൽ മൊട്ടക്കുന്ന് എന്നാകും ഉത്തരം. കാഴ്ചയുടെ പുതുവസന്തമൊരുക്കാൻ മൊട്ടക്കുന്ന് ഇപ്പോൾ അണിഞ്ഞൊരുങ്ങുകയാണ്. മൊട്ടക്കുന്നിന്റെ സൗന്ദര്യവത്ക്കരണത്തിനായി ഒരു കോടിയോളം രൂപയാണ് ടൂറിസം വകുപ്പ് ഇതിനകം ചെലവഴിച്ചത്. അവസാന ഘട്ട നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഈ മാസം അവസാനത്തോടെ പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് വിനോദസഞ്ചാര വകുപ്പിന്റെ തീരുമാനം.
മികച്ച പ്രവേശന കവാടം, ടൂറിസം ഇൻഫർമേഷൻ സെന്ററും ടിക്കറ്റ് കൗണ്ടറും, കല്ലുപാകി വശങ്ങളിൽ ചെടി വച്ചുപിടിപ്പിച്ച് മനോഹരമാക്കിയ നടപ്പാത, ബെഞ്ചുകൾ, ടോയ്‌ലറ്റ് ബ്ലോക്ക്, വിശ്രമമുറി, സെൻസർ സംവിധാനമുള്ള എൽ.ഇ.ഡി ലൈറ്റിംഗ്, വേയ്സ്റ്റ് ബിന്നുകൾ, വിശാലമായ പാർക്കിംഗ് ഏരിയ എന്നിങ്ങനെ വിവിധങ്ങളായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മുതിർന്നവർക്ക് ആളൊന്നിന്ന് 10 രൂപയും 12 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് അഞ്ച് രൂപയുമാണ് മൊട്ടക്കുന്ന് സന്ദർശിക്കുന്നതിനുള്ള നിരക്ക്. കാമറയിൽ ചിത്രം പകർത്തുന്നതിന് 50 രൂപ വീഡിയോയ്ക്ക് 100 രൂപ ആൽബം ഷൂട്ടിങ്ങിന് 2500 രൂപയും ഫിലിം ഷൂട്ടിങ്ങിന് 10,000 രൂപയുമാണ് നൽകേണ്ടത്. ഇരുചക്രവാഹനങ്ങൾക്ക് 20 രൂപയും മറ്റ് വാഹനങ്ങൾക്ക് 50 എന്നിങ്ങനെയാണ് പ്രവേശന ഫീസ്. ഡി.എം.സിയുടെ നേതൃത്വത്തിൽ ഷെഡ് സ്ഥാചിച്ച് പ്രവേശന പാസ് നൽകുന്നതിനും പണം പിരിക്കുന്നതിനും പ്രത്യേകം ജീവനക്കാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
മൊട്ടക്കുന്നിൽ എത്തുന്ന പ്രായമായവർക്കും, ഭിന്ന ശേഷിക്കാർക്കുമായി വീൽചെയർ, നടക്കാൻ പ്രയാസമുള്ളവർക്ക് ഊന്നുവടി (വാക്കിംഗ്സ്റ്റിക്ക് ), വീൽചെയർ കടന്നു ചെല്ലാൻ കഴിയുന്ന രീതിയുള്ള സ്‌പെഷ്യൽ ടൊയ്‌ലറ്റ് സംവിധാനം എന്നിവ സ്‌പെഷ്യൽ ബാരിയർ ഫ്രീ പദ്ധതിയുടെ ഭാഗമായി ഉടൻ നടപ്പിലാക്കും.
മൊട്ടക്കുന്നിന് ഉള്ളിലായി ഒരു തടാകമുണ്ട്. ഇവിടെ ബോട്ടിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ആരംഭിക്കാൻ പദ്ധതിയുണ്ട്. ഇതിനു പുറമെ സാഹസിക വിനോദങ്ങളും തടാകത്തോട് ചേർന്ന് റോസ് ഗാർഡനും മൊട്ടക്കുന്നിൽ കുട്ടികളുടെ പാർക്കും ആരംഭിക്കാനാണ് വിനോദ സഞ്ചാര വകുപ്പിന്റെ തീരുമാനം.
അതേസമയം, വാഗമണ്ണിന്റെ വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികളിൽ പലതും പാതിവഴിയിലാണെന്ന് ആക്ഷേപമുണ്ട്. വാഗമൺ ഇക്കോ അഡ്വെഞ്ചർ പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ് നടക്കുന്നത്. ഇത് വാഗമണ്ണിലെ വിനോദസഞ്ചാര മേഖലകൾക്ക് തിരിച്ചടിയാണ്. വാഗമൺ റോപ്പ് വേ പാലം തകർന്ന് അപകടമുണ്ടായ പശ്ചാത്തലത്തിൽ സാഹസിക വിനോദസഞ്ചാര പരിപാടികൾ താൽക്കാലികമായി ഡി.ടി.പി.സി നിറുത്തിവച്ചിരുന്നു. ഇത് ഇനിയും പുനസ്ഥാപിച്ചിട്ടില്ല.
വാഗമൺ ഡസ്റ്റിനേഷൻ മനേജ്‌മെന്റാണ് പൈൻകാട്ടിനുള്ളിൽ പ്രവേശിക്കുന്ന സഞ്ചാരികൾക്ക് നിർദേശം നൽകുന്നത്. കാലാവസ്ഥ പ്രതികൂലമായ സാഹചര്യങ്ങളിൽ സഞ്ചാരികൾക്ക് മൊട്ടക്കുന്നിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തും.
ദിശാസൂചക
ബോർഡുകളില്ല
റോഡുകളിലെ പണികൾ പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കിയെങ്കിലും കൂടുതൽ വാഹനങ്ങൾ എത്തുന്നതോടെ റോഡിന്റെ വീതി കുറവ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്ന സാഹചര്യമുണ്ട്. വാഗമൺ ലക്ഷ്യമാക്കി എത്തുന്ന നൂറ് കണക്കിന് വിനോദസഞ്ചാരികളെ സഹായിക്കാൻ ആവശ്യമായ ദിശാസൂചക ബോർഡുകളും സ്ഥാപിച്ചിട്ടില്ല. ഇതുകാരണം വാഹനയാത്രികർക്ക് വഴിതെറ്റുന്നത് പതിവാണ്.