btjty

കോട്ടയം: കായൽപ്പരപ്പിന്റെ ഭംഗി ആസ്വദിച്ചുകൊണ്ടുള്ള യാത്രയ്ക്ക് ഇനിയും ഒരാഴ്ചകൂടി കാത്തിരിക്കണം. കോടിമത ബോട്ട് ജെട്ടിയിലെ പോളവാരലും ആഴംകൂട്ടലും പൂർത്തിയായെങ്കിലും ബോട്ട് സർവീസ് ആരംഭിക്കാൻ ഒരാഴ്ചകൂടി വൈകുമെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. കോട്ടയം - ആലപ്പുഴ ബോട്ട് സ്ഥിരമായി കോടിമത ബോട്ട് ജെട്ടിയിലെത്തിയിരുന്നു. എന്നാൽ കൊടൂരാറ്റിൽ ഇരുമ്പുപാലം പണിതതോടെ കഴിഞ്ഞ വർഷം ഏതാനും ദിവസങ്ങൾ മാത്രമാണ് ബോട്ട് കോടിമത ജെട്ടിയിൽ അടുത്തത്. അതായത് കോട്ടയം - ആലപ്പുഴ ബോട്ട് സർവീസ് കാഞ്ഞിരം ജെട്ടി വരെ ചുരുക്കി എന്നർത്ഥം. 12 സർവീസുകളാണ് കോട്ടയം - ആലപ്പുഴ റൂട്ടിൽ നടത്തിയിരുന്നത്. ആറിന്റെ ആഴംകൂട്ടുന്ന ജോലികൾ അന്തിമഘട്ടത്തിലെത്തുകയും ബോട്ട് ജെട്ടിയിൽ മാർഗ്ഗം തടസ്സപ്പെടുത്തിക്കിടന്ന പോളകൾ ഉപ്പുവെള്ളം കയറി നശിക്കുകയും ചെയ്തു. ഇതോടെയാണ് കോടിമത ജെട്ടിയിൽ ബോട്ട് അടുക്കുമെന്ന പ്രതീക്ഷയ്ക്ക് ജീവൻ വച്ചത്. ആറിന്റെ ആഴം കൂട്ടുന്ന ജോലികളും പോളവാരലും കോടിമത ബോട്ട് ജെട്ടിയിൽ എത്തിയത് ഇതിന് ആക്കം കൂട്ടുകയും ചെയ്തു. പുതിയ പാലത്തിന്റെയും താല്കക്കാലിക പാലത്തിന്റെയും അറ്റകുറ്റപ്പണികൾ ഇനിയും പൂർത്തിയാകേണ്ടതുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ അത് പൂർത്തിയായാൽ ഉടൻ തന്നെ കോടിമത ജെട്ടിയിൽ നിന്ന് സർവീസ് നടത്താനാകുമെന്നാണ് കരുതുന്നതെന്ന് നഗരസഭാ അധ്യക്ഷ പി.ആർ സോന പറഞ്ഞു.