കോട്ടയം: മറയൂർ കാടുകളിൽ നിന്ന് വെട്ടിക്കടത്തുന്ന ചന്ദനമരങ്ങൾ ആദ്യം എത്തുന്നത് ആന്ധ്രയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ചന്ദന ഫാക്ടറിയിൽ. അവിടെ നിന്ന് പൗഡറാക്കി കടത്തുന്നത് ദുബായിലേക്ക്. ഞെട്ടിക്കുന്ന ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ കള്ളക്കടത്ത് സംഘത്തിന്റെ കണ്ണികളെ തേടി സംസ്ഥാന വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ ദുബായിലേക്ക് തിരിക്കും. ഇതിനുള്ള അനുമതിക്കായി വനംവകുപ്പ് സർക്കാരിനെ സമീപിച്ചിട്ടുണ്ട്. കടത്ത് സംഘത്തിലെ ദുബായിലെ കണ്ണികളെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായവും തേടിയിട്ടുണ്ട്. മലപ്പുറം പൂക്കോട്ടൂർ പുല്ലാര സ്വദേശി ഷൊഹൈബ് (കുഞ്ഞാപ്പു-36) പിടിയിലായതോടെയാണ് ആന്ധ്രയിലെ ചന്ദന ഫാക്ടറിയെക്കുറിച്ചും അവിടെനിന്ന് പൗഡറാക്കി ദുബായിലേക്ക് കടത്തുന്നതിനെക്കുറിച്ചും വിവരം ലഭിച്ചത്.
ഇതേതുടർന്ന് മൂന്നാർ ഡി.എഫ്.ഒ നരേന്ദ്രബാബു, മറയൂർ സാന്റൽ ഡിവിഷൻ ഡി.എഫ്.ഒ ബി.രഞ്ജിത്, മറയൂർ റേഞ്ച് ഓഫീസർ ജോബ്.ജെ. നേര്യംപറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ 25 അംഗ സായുധസംഘം ആന്ധ്രാപ്രദേശ്- തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് ബൊമ്മ സമുദ്രത്തിലുള്ള ഫാക്ടറിയിൽ പരിശോധന നടത്തിയിരുന്നു.
300 കിലോ ചന്ദനപ്പൊടിയും 400 കിലോ ചന്ദന ചീളുകളും 20 കിലോ ചന്ദനമുട്ടികളും ഇവിടെ നിന്ന് പിടിച്ചെടുത്തു. ഇതിന് ഒരു കോടിയിലധികം വിലവരും. പ്രതി ഷൊഹൈബിനെയും കൂട്ടിയാണ് സംഘം അവിടെ എത്തിയത്. എന്നാൽ, വനംവകുപ്പിന്റെ പരിശോധന മുൻകൂട്ടിയറിഞ്ഞ ഫാക്ടറിയിലെ ജീവനക്കാർ കൂടുതൽ ചന്ദനമുട്ടികളും ഉത്പന്നങ്ങളും രഹസ്യ കേന്ദ്രത്തിലേക്ക് കടത്തിയെന്ന് പിന്നീട് വിവരം ലഭിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ ജീവനക്കാരാരും ഫാക്ടറിയിൽ ഉണ്ടായിരുന്നില്ല. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഫാക്ടറിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ലൈസൻസ് ഇല്ലാതെയാണ് ഇത് പ്രവർത്തിച്ചിരുന്നത് എന്നും അന്വേഷണ സംഘം കണ്ടെത്തി. ചന്ദനം പൗഡറാക്കി കടത്തുന്നതിലൂടെ കോടികളുടെ ബിസിനസാണ് നടന്നു വന്നിരുന്നത്. വിദേശത്ത് ഏറെ ഡിമാന്റാണ് ചന്ദന പൗഡറിന്.
ആധുനികതയിൽ ആരെയും വെല്ലും!
കേരളത്തിലെ സർക്കാർ ചന്ദന ഫാക്ടറിയുടെ നാലിരട്ടി സൗകര്യങ്ങളാണ് ആന്ധ്രയിലെ ഫാക്ടറിയിലുള്ളതെന്ന് മറയൂർ സാന്റൽ ഡിവിഷൻ ഡി.എഫ്.ഒ ബി.രഞ്ജിത് പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളും വൈദ്യുതി തടസം നേരിടാതെ പ്രവർത്തിക്കുന്നതിനുള്ള സംവിധാനങ്ങളും ഉൾപ്പെടെ പൂർണ സജ്ജീകരണത്തിലാണ് ഫാക്ടറി പ്രവർത്തിച്ചിരുന്നത്. 13 ബോയിലറുകളുള്ള വമ്പൻ ചന്ദന ഫാക്ടറിയാണിത്. കേരളത്തിൽ പൊതുമേഖലയിലുള്ള മറയൂർ ചന്ദന ഫാക്ടറിയിൽ ഉള്ളത് മൂന്ന് ബോയിലറുകൾ മാത്രമാണ്. ചന്ദനത്തിന്റെ ലഭ്യത ഏറെയുള്ള മറയൂരിലെ ഫാക്ടറിയിൽ മൂന്ന് ബോയിലറുകൾ പ്രവർത്തിക്കുമ്പോഴാണ് അവിടെ 13 ബോയിലറുകൾ പ്രവർത്തിപ്പിച്ച് ചന്ദന തൈലവും പൗഡറുമൊക്കെ ഉത്പാദിപ്പിക്കുന്നത്.
വാളയാറിൽ പിടിവീണപ്പോൾ ആന്ധ്രയിൽ തുറന്നു
മറയൂരിൽ ചന്ദനക്കൊള്ള വ്യാപകമായതിനെ തുടർന്ന് വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ വാളയാറിൽ പ്രവർത്തിച്ചിരുന്ന ചെറുതും വലുതുമായ പതിമൂന്നോളം ചന്ദനഫാക്ടറികൾ പൂട്ടിച്ചിരുന്നു. ഇതിനെ തുടർന്നാണ് ആന്ധ്രയിലേക്ക് ചന്ദനലോബികൾ താവളം മാറ്റിയത്. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം ഇതിന് പിന്നിലുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. ദുബായിൽ ബിസിനസ് നടത്തിവരുന്ന മലപ്പുറം സ്വദേശിയുടെ പേരിലാണ് 2009 വരെ ഈ ഫാക്ടറി പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ ഫാക്ടറിക്ക് ലൈസൻസ് ഇല്ല. ഇയാളുടെ ഇമിഗ്രേഷൻ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു വരികയാണ്.
നിരവധി ആഡംബര വാഹങ്ങൾ ഉപയോഗിച്ചാണ് മറയൂരിൽ നിന്ന് ചന്ദനം ആന്ധ്രയിലേക്ക് കടത്തിയിരുന്നത്. തമിഴ്നാട്ടിലെ നാമക്കൽ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്. മറയൂരിൽ നിന്ന് മലപ്പുറം കേന്ദ്രീകരിച്ചുള്ള രണ്ട് സംഘങ്ങളാണ് ചന്ദനം വാങ്ങുന്നത്. ഇതിൽ ഷൊഹൈബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോൾ പിടിയിലായത്. മലപ്പുറം കേന്ദ്രീകരിച്ചുള്ള മറ്റൊരു സംഘവും ഇവർക്ക് മറയൂരിൽ നിന്ന് ചന്ദനം നൽകിയ സംഘവും ഉടൻ പിടിയിലാകുമെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന.
മറയൂർ ചന്ദന റിസർവറിൽ നിന്നും സ്വകാര്യ ഭൂമിയിൽ നിന്നും ചന്ദന മോഷണം വ്യാപകമായതോടെയാണ് മറയൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണം അരംഭിച്ചത്. ഇതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. മലപ്പുറം സ്വദേശികളായ മധുസൂദനൻ,സെയ്ഫുദീൻ എന്നിവർ പിടിയിലായതോടെ കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നു. തുടർന്നാണ് ഷൊഹൈബിനെ പിടിക്കാൻ കഴിഞ്ഞത്.