ചങ്ങനാശേരി : വാഴപ്പളളി ഗ്രാമപഞ്ചായത്തിലുൾപ്പെട്ട രണ്ടാം വാർഡിലെ ബി.എസ്.എൻ.എൽ ചെട്ടിശേരി - മിഷ്യൻ പള്ളി റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് നിവേദനവുമായി നാട്ടുകാർ രംഗത്ത്. ഒന്നര കിലോമീറ്റർ ദൂരം വരുന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഒപ്പിട്ട നിവേദനം നിയുക്ത എം.പി.കൊടിക്കുന്നിൽ സുരേഷിന് പൊതുപ്രവർത്തകരായ ബിജു മങ്ങാട്ടുമഠം, പി.എം.സുഗതൻ എന്നിവരുടെ നേതൃത്വത്തിലാണ് സമർപ്പിച്ചത്. ഗ്രാമപഞ്ചായത്തംഗത്തിന്റെ നിസംഗത കാരണമാണ് റോഡ് നവീകരണം വൈകുന്നതെന്നാണ് നിവേദനത്തിൽ പറയുന്നത്. തുക അനുവദിച്ചെങ്കിലും ചില സാങ്കേതിക പ്രശ്‌നം ഉയർന്നതോടെ അത് ലാപ്സായി എന്നാണ് വാഴപ്പള്ളി പഞ്ചായത്ത് അധികൃതരുടെ ഭാഷ്യം. നിലവിൽ റോഡ് പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. പല സ്ഥലങ്ങളിലും വലിയ കുഴകൾ രൂപപ്പെട്ടിട്ടുണ്ട്. അതേസമയം,​ റോഡ് നിർമ്മാണത്തിന് എം.പി.ഫണ്ടിൽ നിന്ന് തുക അനുവദിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് അറിയിച്ചതായി നിവേദകസംഘം പറഞ്ഞു.