വെള്ളൂർ: കണക്ഷൻ എടുത്തിട്ടില്ലെങ്കിലും ബില്ല് അയക്കും! ബി.എസ്.എൻ.എല്ലിന്റെ ഈ 'കാര്യക്ഷമത' മറ്റു പൊതുമേഖലാ സ്ഥാപനങ്ങളും കണ്ടുപഠിക്കണമെന്നാണ് ഒരുകൂട്ടം അനുഭവസ്ഥർ പരിഹാരരൂപേണ പറയുന്നത്. മേവെള്ളൂർ ടെലഫോൺ എക്സ്ചേഞ്ചിൽ ബ്രോഡ് ബാന്റ് കണക്ഷന് അപേക്ഷ നൽകിയവരാണ് കണക്ഷൻ ലഭിക്കാതെ തന്നെ മാസങ്ങളായി മുടങ്ങാതെ വരുന്ന ബില്ല് കണ്ട് കണ്ണ് തള്ളി നിൽക്കുന്നത്. ബ്രോഡ് ബാന്റിന് അപേക്ഷിച്ച് 8 മാസം വരെയായി കാത്തിരിക്കുന്നവരുണ്ട്. കണക്ഷൻ ഇതേവരെ നൽകിയിട്ടില്ല. പക്ഷേ എല്ലാ മാസവും ഇവരുടെ വീടുകളിലേക്ക് കൃത്യമായി ബില്ല് അയച്ച് 'മാതൃകയാവുകയാണ്' ബി.എസ്.എൻ.എൽ. മുൻ മാസങ്ങളിലെ കുടിശ്ശിക സഹിതം രേഖപ്പെടുത്തിയാണ് ഓരോ മാസവും ബില്ല് അയക്കുന്നത്. ടെലഫോൺ എക്സ്ചേഞ്ചിലും ബി.എസ്.എൻ.എൽ കോട്ടയം ഡിവിഷണൽ ഓഫീസിലും പരാതിപ്പെട്ടെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് പരാതിക്കാർ പറയുന്നു.