hospotal-waste

കോട്ടയം: സംസ്ഥാനത്ത് വിനോദസഞ്ചാരികൾ തിരഞ്ഞെടുക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്ന്, പ്രകൃതി സൗന്ദര്യംകൊണ്ട് അനുഗ്രഹീതമായ നാട്... കുമരകത്തിന്റെ പ്രത്യേകതകൾ ഏറെയാണ്. എന്നാൽ അന്തരീഷ മലീനികരണത്താൽ വീർപ്പുമുട്ടുകയാണ് ഇന്ന് ഈ മനോഹരപ്രദേശം. സഞ്ചാരികളെ ആകർഷിച്ചിരുന്ന കുമരകം ഇന്ന് അവരെ മാത്രമല്ല, തദ്ദേശീയരേയും വീർപ്പുമുട്ടിക്കുന്ന അവസ്ഥയിലാണ്. ഉത്തരവാദടൂറിസം നടപ്പിലാക്കിയ നാട് നന്നാക്കാൻ ഉത്തരവാദികളില്ലെന്ന മട്ടിലാണ് കാര്യങ്ങൾ. ശുദ്ധജലക്ഷാമമാണ് നാട് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. വീടുകളിലേയും സ്ഥാപനങ്ങളിലേയും മാലിന്യങ്ങൾ തോടുകളിൽ വലിച്ചെറിയുന്നതിനാൽ പ്രദേശത്തെ ശുദ്ധജലസ്രോതസുകൾ മലിനപ്പെട്ടിരിക്കുകയാണ്. ഇത്തവണ മഴ കുറവായിരുന്നതിനാൽ പല തോടുകളിലും നീരൊഴുക്ക് തടസപ്പെട്ട് ദുർഗന്ധം വമിക്കുന്നുണ്ട്. ആരോഗ്യജാഗ്രത പരിപാടിയുടെ ഭാഗമായി കഴിഞ്ഞദിവസം ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയപരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങളും ഞെട്ടിക്കുന്നതാണ്. കുമരകത്ത് പ്രവർത്തിക്കുന്ന മത്സ്യ മാംസ വ്യാപാരശാലകളും ഒരു സ്വകാര്യ ആശുപത്രി ഉൾപ്പെടെയുമുള്ള മിക്കവാറും വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് പോലുമില്ല. പലസ്ഥാപനങ്ങളും പൊതുസ്ഥലത്തേക്കോ ജലസ്രോതസുകളിലേക്കൊ മാലിന്യം തുറന്നുവിടുന്നതായാണ് കണ്ടെത്തിയത്. കുമരകം ചന്തക്കവലയിൽ നടത്തിയ പരിശോധനയിൽ സ്വകാര്യ ആശുപത്രി അടക്കം നിരവധി സ്ഥാപനങ്ങൾക്ക് അധികൃതർ നോട്ടീസ് നൽകിയിരുന്നു. മാലിന്യസംസ്‌കരണത്തിലെ അപാകത, ഉപയോഗശൂന്യമായ മരുന്നുകൾ തുറസായ പ്രദേശത്ത് കത്തിച്ച് അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്നു, പഞ്ചായത്ത് ലൈസൻസ് ഇല്ല തുടങ്ങിയ കാരണങ്ങൾ കാണിച്ചാണ് ശാന്തി ആശുപത്രിക്ക് നോട്ടീസ് നൽകിയത്. ഏഴ് ദിവസത്തിനകം നിർദ്ദേശങ്ങൾ നടപ്പിലാക്കാത്തപക്ഷം കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. പരിശോധനയിൽ ചന്തക്കവലയിലെ ഗ്രാന്റ് സൽക്കാര ഹോട്ടലിൽ നിന്നും ശീതികരണയിൽ സൂക്ഷിച്ചിരുന്ന കോഴിയിറച്ചി , മീൻ , കളറുകൾ , ഭക്ഷണ സാധനങ്ങൾ എന്നിവ ഉൾപ്പെടെ പഴകിയ ഭക്ഷണസാധനങ്ങൾ അധികൃതർ പിടിച്ചെടുത്തിരുന്നു. ബാർബർ ഷോപ്പുകളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ അണുവിമുക്തമാക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. വൃത്തിഹീനമായ അടുക്കളയിൽ നിന്നും മാലിന്യങ്ങൾ പൊതു സ്ഥലത്തേക്ക് ഒഴുക്കി വിടുന്നതും , മാലിന്യ സംഭരണ ടാങ്ക് ഇല്ലാത്തതും പഞ്ചായത്ത് ലൈസൻസ് ഇല്ലാത്തതും ചൂണ്ടിക്കാട്ടി ഹോട്ടലിനും ബേക്കറിക്കും ആരോഗ്യ വകുപ്പ് നോട്ടീസ് നൽകി.

കുമരകം ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ടി.സുരേഷ് കുമാർ , ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.പി.സലിമോൻ, മെഡിക്കൽ ഓഫീസർ ഡോ.രാജേഷ.പി.ആർ, ഹെൽത്ത് ഇൻസ്‌പെക്ടർ മിനിവർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

 പ്ലാസ്റ്റിക് കാരിബാഗ് നിരോധിച്ചു

കുമരകം ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ നിരോധിച്ചു. പ്ലാസ്റ്റിക്ക് ക്യാരിബാഗിൽ സാധനങ്ങൾ വിതരണം ചെയ്യുന്നതല്ലെന്ന ബോർഡ് വ്യാപാരികൾ പ്രദർശിപ്പിക്കണമെന്ന് വ്യാപാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്ന് കിലോഗ്രാം വരെയുള്ള സാധനങ്ങൾ ഉൾക്കൊള്ളുന്ന ബാഗിന് പത്ത് രൂപയും അതിന് മുകളിലുള്ള ബാഗിന് പതിനഞ്ച് രൂപയും വില ഈടാക്കണമെന്നും നിർദ്ദേശമുണ്ട്.

 പുന്നത്താഴെത്തോട് മാലിന്യ മുക്തമാക്കും

ചന്തക്കവല മാർക്കറ്റിന് പിന്നിലുള്ള പുന്നത്താഴെ തോട്ടിലെ മാലിന്യസംസ്‌കരണത്തിന് പദ്ധതി ആവിഷ്‌കരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തോട്ടിലേക്ക് പരിസരവാസികൾ തുറന്ന് വച്ചിരിക്കുന്ന മാലിന്യക്കുഴലുകൾ അടിയന്തിരമായി നീക്കം ചെയ്യണമെന്നും അധികൃതർ അറിയിച്ചു.