തലയോലപ്പറമ്പ് : മനുഷ്യനെ മാനവികതയിലേക്കുയർത്തുന്നതിൽ വായനയ്ക്ക് അദ്വിതീയ സ്ഥാനമുണ്ടെന്നും മനുഷ്യവർഗത്തിന്റെ സംസ്‌ക്കാരത്തിന്റെ തിലകക്കുറിയാണ് വായനയെന്നും എഴുത്തുകാരൻ ബാബുരാജ് കളമ്പൂർ പറഞ്ഞു. ദേശീയ വായനാ മാസാചരണത്തിന്റെ താലൂക്ക് തല ഉദ്ഘാടനം വൈക്കം ശ്രീ മഹാദേവ ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇ.വി.വരദരാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഹസീന യൂസഫ് വായനാ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രൊഫ: ലീനാ നായർ, നിതിയ.പി.കെ, ആര്യാ.എസ് നായർ,എം.എ.അനൂപ്, കെ.കെ.ബേബി, അനില ബോസ്, പോൾ മാത്യു എന്നിവർ സംസാരിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ, വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ഭരണകൂടം, ലൈബ്രറി കൗൺസിൽ, സാക്ഷരത മിഷൻ, പി.എൻ.പണിക്കർ ഫൗണ്ടേഷൻ, ഓം ഫൗണ്ടേഷൻ തുടങ്ങി വിവിധ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തിൽ ഒരു മാസക്കാലം നീളുന്ന വിവിധ പരിപാടികൾ നടപ്പിലാക്കിയിട്ടുണ്ട്. 5ന് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം, 6ന് ജില്ലാതല വായനാ ക്വിസ് മത്സരം, 7ന് ഐ .വി ദാസ് അനുസ്മരണം എന്നിവ താലൂക്ക് തലത്തിൽ സംഘടിപ്പിക്കും. വായനയിലെയും എഴുത്തിലെയും വേറിട്ട വ്യക്തിത്വങ്ങളെ ആദരിക്കും.