കോട്ടയം: ജില്ലയിൽ അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരുടെ എണ്ണം ലക്ഷത്തോടടുക്കുന്നു. കഴിഞ്ഞമാസം 31 വരെ 69322 പേരാണ് കോട്ടയത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തത്. ഈ വർഷത്തെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി വിജയികളുടെ രജിസ്ട്രേഷൻകൂടി പൂർത്തിയാകുമ്പോൾ ഇത് ഒരു ലക്ഷം കവിയുമെന്നാണ് കണക്കുകൂട്ടൽ. എസ്.എസ്.എൽ.സി വിജയികളുടെ സർട്ടിഫിക്കറ്റ് കിട്ടാൻ വൈകിയതിനാൽ ഇത്തവണ അവരുടെ രജിസ്ട്രേഷൻ നടന്നിട്ടില്ല. പട്ടികജാതി വിഭാഗത്തിൽ 10840 പേരും പട്ടികവർഗ വിഭാഗത്തിൽ 454 പേരുമാണ് കഴിഞ്ഞമാസം വരെ രജിസ്റ്റർ ചെയ്തത്. സർക്കാർ വകുപ്പുകളിലെ താൽക്കാലിക നിയമനങ്ങൾക്ക് പുറമേ നാഷണൽ എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ മേഖലയിലും തൊഴിൽ അവസരങ്ങൾ തുറന്നുകിട്ടുന്നുവെന്നത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലെ രജിസ്ട്രേഷൻ വർദ്ധിക്കാൻ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.കഴിഞ്ഞമാസം 141 പേർക്ക് എംപ്ലോയബിലിറ്റി സെന്റർ മുഖേന അവസരം ലഭിച്ചു. വിവിധ സർക്കാർ വകുപ്പുകളിലേക്ക് 35 പേർക്കും നിയമനമായി. ജില്ലയിൽ തൊഴിൽ രഹിതവേതനത്തിന് അർഹരായവർ 5228 പേരാണ്.