പാലാ : ജനറൽ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തുന്ന രോഗികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് സൂപ്രണ്ടായി ചുമതലയേറ്റ ഡോ.അഞ്ജു.സി. മാത്യു കേരളകൗമുദിയോട് പറഞ്ഞു. രോഗികൾക്ക് കുടിവെള്ളം തടസം കൂടാതെ നൽകാൻ നടപടി സ്വീകരിക്കും. ബെഡ്ഡുകളും മറ്റും യഥാസമയം വൃത്തിയാക്കാനുള്ള നിർദ്ദേശം ജീവനക്കാർക്ക് നൽകിയിട്ടുണ്ട്. ജീവനക്കാർ സ്ഥലം മാറിപ്പോയ ഒഴിവുകൾ ഉടൻ നികത്തും. ആശുപത്രിയുടെ ഗുണനിലവാരം ഉയർത്തുക എന്നത് പരമ പ്രധാനമാണ്. ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും പിന്തുണ അറിയിച്ചിട്ടുണ്ട്.
ആശുപത്രിക്കായി ഉയരുന്ന മന്ദിരങ്ങളുടെ പണികൾ എത്രയും വേഗം പൂർത്തീകരിക്കും. അത്യാധുനിക ഉപകരണങ്ങൾക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഹൃദയ - കിഡ്‌നി രോഗ ചികിത്സാ വിഭാഗത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. കാൻസർ രോഗികൾക്കുള്ള അത്യാധുനിക ചികിത്സാ ക്രമീകരണങ്ങൾ പുതിയ മന്ദിരം പൂർത്തിയാകുന്നതോടെ സ്ഥാപിക്കും. അൻപതോളം ഡോക്ടർമാർ ഉൾപ്പെടെ 230 സ്ഥിരം ജീവനക്കാരും 50ൽപ്പരം കരാർ ജീവനക്കാരും സേവനമനുഷ്ഠിക്കുന്നുണ്ട്. കൂടുതൽ ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് ആശുപത്രി വികസന സമിതിയുമായി ആലോചിച്ച് വേണ്ടത് ചെയ്യും. ആശുപത്രി വികസനസമിതി അദ്ധ്യക്ഷ കൂടിയായ നഗരസഭ ചെയർപേഴ്‌സൺ ബിജി ജോജോ കുടക്കച്ചിറ എല്ലാവിധ പിന്തുണയും അറിയിച്ചിട്ടുണ്ടെന്നും ഡോ. അഞ്ജു പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ള അവാർഡ് മുത്തോലി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ലഭിക്കാൻ കാരണഭൂതനായ യുവ ഡോക്ടർ അനീഷ്.കെ. ഭദ്രനാണ് ജനറൽ ആശുപത്രി ആർ.എം.ഒ. രണ്ടു യുവഡോക്ടർമാരുടെയും നേതൃത്വത്തിൽ ആതുര സേവന രംഗത്ത് പുതിയ മുഖമാകാൻ ഒരുങ്ങുകയാണ് ആശുപത്രി. കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നായി ദിവസേന രണ്ടായിരത്തോളം പേരാണിവിടെ ഒ.പിയിലും, ഐ.പിയിലുമായി ചികിത്സ തേടിയെത്തുന്നത്.
റാങ്കിന്റെ തിളക്കവുമായി
യുവ ഡോക്ടർ സൂപ്രണ്ട്
റാങ്കിന്റെ തിളക്കവുമായി, പാലാ ജനറൽ ആശുപത്രിക്ക് പാലാക്കാരിയായ യുവ ഡോക്ടർ സൂപ്രണ്ട്. വിളക്കുമാടം ചെമ്പകശ്ശേരിൽ കുടുംബാംഗമായ ഡോ. അഞ്ജു.സി. മാത്യുവാണ് സൂപ്രണ്ടായി ചുമതലയേറ്റത്. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് ഉയർന്ന മാർക്കോടെ എം.ബി.ബി.എസ് വിജയിച്ച ഡോ.അഞ്ജു, കമ്മ്യൂണിറ്റി മെഡിസിനിൽ രണ്ടാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. 33 കാരിയായ ഡോ.അഞ്ജു പാലാ ജനറൽ ആശുപത്രിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സൂപ്രണ്ടാണ്. പാലാ സ്വദേശിയായ ആദ്യ സൂപ്രണ്ടും. എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നാണ് ജന്മനാട്ടിലേക്ക് എത്തുന്നത്. എറണാകുളം ജനറൽ ആശുപത്രി കേന്ദ്രീകരിച്ച് അണുബാധാ നിയന്ത്രണ പദ്ധതിയെപ്പറ്റി ഗവേഷണം നടത്തി പ്രബന്ധം അവതരിപ്പിച്ച ഡോ. അഞ്ജുവിനും ടീമിനേും ദേശീയ തലത്തിലുള്ള നാഷണൽ ക്വാളിറ്റി അഷുറൻസ് (എൻ.ക്യു. എ) ഗ്രേഡ് ലഭിച്ചിരുന്നു. ആതുരശുശ്രൂഷാരംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വിളക്കുമാടം ചെമ്പകശ്ശേരിൽ തറവാട്ടിലെ ഇളമുറക്കാരിയാണ് അഞ്ജു. ജില്ലാ മെഡിക്കൽ ഓഫീസറായിരുന്ന ഡോ.സി.വി. മാത്യുവിന്റെയും, റിട്ട. അദ്ധ്യാപിക ആലീസ് മാത്യുവിന്റെയും മകളാണ്. സഹോദരി മഞ്ജു.സി. മാത്യു എറണാകുളം ജനറൽ ആശുപത്രിയിൽ മെഡിക്കൽ റെക്കാർഡ്‌സ് ഓഫീസറാണ്. എറണാകുളം ജനറൽ ആശുപത്രിയിലെ ആർ.എം.ഒ ഡോ.സിറിയക് പി.ജെയാണ് ഭർത്താവ്. രണ്ടാം ക്ലാസ് വിദ്യാർത്ഥി കാതറിൻ, രണ്ട് വയസുകാരി എലിസബത്ത് എന്നിവരാണ് മക്കൾ.