കോട്ടയം: കേരള വിധവ വയോജനക്ഷേമസംഘം കോട്ടയം താലൂക്ക് സമ്മേളനവും ലോക വിധവ ദിനാചരണവും 22ന് രാവിലെ 10.30ന് തിരുനക്കര ഊട്ടി ലോഡ്ജ് ആഡിറ്റോറിയത്തിൽ നടത്തും. വിധവകളുടെ ക്ഷേമപെൻഷൻ 5000 രൂപയായി ഉയർത്തുക, പി.എസ്.സി. നിയമനങ്ങൾക്ക് 10 ശതമാനം സംവരണം അനുവദിക്കുക, സ്വയം തൊഴിൽ കണ്ടെത്തുന്നതിന് ഒരുലക്ഷംരൂപ വരെ പലിശരഹിത വായ്പ അനുവദിക്കുക, വിധവകൾ ഗൃഹനാഥകൾ ആയിട്ടുള്ള കുടുംബങ്ങളുടെ റേഷൻ കാർഡ് ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടുത്തി പ്രതിമാസം 25 കിലോ അരിവീതം സൗജന്യമായി അനുവദിക്കുക തുടങ്ങി സംഘടന മുന്നോട്ടുവയ്ക്കുന്ന വിവിധ ആവശ്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് സമ്മേളനം നടപടി സ്വീകരിക്കും. കേരള വിധവ വയോജനക്ഷേമസംഘം സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് സരള ഉപേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം സംസ്ഥാന ജനറൽ സെക്രട്ടറി ജലജ മണവേലി നിർവഹിക്കും.