പാലാ : എലിക്കുളം ഗ്രാമപഞ്ചായത്തിലെ പൊന്നൊഴുകും തോടിൻ കരയിൽ ഇനി പൊൻ നെൽക്കതിരുകൾ വിളയും. കർഷക കൂട്ടായ്മയുടെ കരുത്തിൽ ഇന്നലെ വിത മഹോത്സവം നടന്നു. എലിക്കുളം പഞ്ചായത്ത് പരിധിയിലെ ഇരുപത് ഏക്കറിലും മീനച്ചിൽ പഞ്ചായത്ത് പരിധിയിലെ പന്ത്രണ്ട് ഏക്കറിലുമായി തോടിന്റെ കരയിലാണ് നെൽകൃഷിയുടെ ആദ്യഘട്ടമായ വിരിപ്പു കൃഷിയൊരുങ്ങുന്നത്. എലിക്കുളം പഞ്ചായത്തിലെ കാപ്പുകയം പാടശേഖരത്ത് കഴിഞ്ഞ സീസണിൽ നെൽകൃഷിയുടെ രണ്ടാംഘട്ടമായ ' പുഞ്ച' കൃഷി ചെയ്തു വൻ നേട്ടം കൊയ്തിരുന്നു.
പൊന്നൊഴുകും തോടിൻകരയിലെ കാപ്പുകയീ പാടശേഖരത്തിനോട് ചേർന്ന് കിടക്കുന്ന മീനച്ചിൽ പഞ്ചായത്തിലെ പാടശേഖരത്തും ഇക്കുറി 'വിരിപ്പ് ' കൃഷിയാണ് ചെയ്യുന്നത്. എലിക്കുളം ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, ഹരിതകേരളമിഷൻ കാപ്പുകയം പാടശേഖര സമതിയുമായി ചേർന്നാണ് കഴിഞ്ഞ സീസണിൽ പുഞ്ച വിളയിച്ചത്. ഇരുപതു വർഷത്തെ ഇടവേളക്ക് ശേഷമാണ് ഈ പാടശേഖരങ്ങളിൽ വിരിപ്പു കൃഷിയിറക്കുന്നത്. വിത മഹോത്സവത്തിന് പാടശേഖര സമിതി പ്രസിഡന്റ് ജോസ് ഇടശ്ശേരി പവ്വത്ത്, സെക്രട്ടറി ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ, മുതിർന്ന കർഷകനായ എം.എം. ജോർജ് മണ്ഡപത്തിൽ, തളിര് പച്ചക്കറി ഉല്പാദക സംഘം വൈസ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ, അസിസ്റ്റന്റ് കൃഷി ഓഫീസർ എലിക്കുളം എ.ജെ.അലക്‌സ് റോയി എന്നിവർ നേതൃത്വം നല്കി.