a

വെച്ചൂർ: നാട്ടിൻപുറങ്ങളിൽ കുരുന്നുകൾക്ക് ആദ്യാക്ഷര മധുരം പകർന്നിരുന്ന നിലത്തെഴുത്തുകളരികൾ പലയിടങ്ങളിലും ഓർമ്മയായെങ്കിലും കഴിഞ്ഞ 56 വർഷമായി അക്ഷരജ്യോതി കെടാതെ കാത്ത ഒരു നിലത്തെഴുത്തുകളരി വൈക്കത്ത് വെച്ചൂരുണ്ട്. വെച്ചൂർ ഗുരുകുലം നിലത്തെഴുത്തുകളരിയിലാണ് കുരുന്നുകൾ അക്ഷരങ്ങൾ ഹൃദിസ്ഥമാക്കുന്നത്.

ഗുരുകുലത്തിലെ ആശാനായ രാജപ്പൻ നായർക്ക് പ്രായം 82 ആയെങ്കിലും കളരിയിലെത്തി കുരുന്നുകൾക്ക് അക്ഷരങ്ങൾ എഴുതി പഠിപ്പിക്കുമ്പോൾ ആശാൻ ശാരീരിക അവശതകളെല്ലാം മറക്കും.രാജപ്പൻ നായരുടെ മുത്തച്ഛൻ പരമേശ്വരൻ നായരും കുട്ടികളെ നിലത്തെഴുത്ത് അഭ്യസിപ്പിച്ചിരുന്നു. ഇതിനോടകം 5000ലധികം കുരുന്നുകൾക്ക് ആശാൻ അക്ഷരം പഠിപ്പിച്ചിട്ടുണ്ട്. ശിഷ്യഗണങ്ങളിൽ ഡോക്ടർമാരും, എൻജിനീയർമാരും, അഭിഭാഷകരുമടക്കം എല്ലാ മേഖലകളിലുമുള്ളവരുമുണ്ട്.

ഇടയ്ക്ക് ശിഷ്യർ പലരും ആശാനെ അന്വേഷിച്ചെത്തും. വെച്ചൂരിലെ ഉൾപ്രദേശങ്ങളിലടക്കമുള്ള കുടുംബങ്ങളിലെ കുട്ടികൾ ഗുരുകുലം കളരിയിൽ നിന്ന് അക്ഷരം പഠിച്ച ശേഷമാണ് അംഗൻവാടികളിലും പ്ലേ സ്‌കൂളുകളിലൊക്കെ പോകുന്നത്.നിലത്തെഴുത്തുകളരിയിലെത്തുന്ന കുരുന്നുകൾ മൂന്നു മാസം കൊണ്ട് അക്ഷരങ്ങൾ പഠിക്കും. ആയിരങ്ങളുടെ അകകണ്ണിൽ അക്ഷരവെളിച്ചം പകർന്ന ഗുരുവര്യന് നിലത്തെഴുത്തുകളരി നടത്തിപ്പിനായി പ്രതിമാസം ലഭിക്കുന്ന 1000 രൂപ ധനസഹായവും 600 രൂപ വാർദ്ധക്യകാല പെൻഷനുമാണ് ആകെ ലഭിക്കുന്നത്.നിലത്തെഴുത്ത് ആശാൻമാർക്കുള്ള പെൻഷൻ ഏഴു വർഷം മുമ്പ് മുടങ്ങിയിരുന്നു. മകൻ ചന്ദ്രശേഖരനും ഭാര്യ വിനുവിനും പേരക്കുട്ടികളായ ഹരികൃഷ്ണൻ, ഗോപിക എന്നിവർക്കൊപ്പമാണ് താമസം. പെൻഷനും ഗ്രാന്റുമായി ലഭിക്കുന്ന തുക മരുന്നിന് പോലും തികയില്ല.

വിദ്യ അഭ്യസിപ്പിക്കുന്നതിന് പ്രതിഫലം ഒരിക്കലും കാംക്ഷിച്ചിരുന്നില്ലെന്നും കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകരുന്നതിന്റെ ധന്യതയാണ് ഏത് പ്രതിഫലത്തേക്കാളും തനിക്ക് വലുതെന്നും രാജപ്പനാശാൻ പറയുന്നു.