കല്ലറ: യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടിമടയും തൂമ്പുകളും തുറന്നത് വീടുകളെയും അംഗൻവാടിയേയും വെള്ളത്തിലാക്കി. മുണ്ടാർ ഒന്നാം വാർഡിലെ ജോണി ബ്ലോക്ക് പാടശേഖരത്തിലാണ് പെട്ടിമട തുറന്നതോടെ സമീപത്തെ ആറു കുടുംബങ്ങൾ ദുരിതത്തിലായത്. പ്രളയകാലത്തും ഈ വീടുകളിൽ വെള്ളം കയറിയിരുന്നു. പ്രളയം നൽകിയ ദുരന്തങ്ങൾക്ക് പിന്നാലെയാണ് ഇടിത്തീ പോലെ പെട്ടിമട തുറന്നതും വീടുകൾ വെള്ളത്തിലായതും. ഇതുമൂലം കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ കുടുംബങ്ങൾ ദുരിതജീവിതമാണ് നയിക്കുന്നത്. വീടുകളിലും ടോയ്ലറ്റിലും ഒക്കെ വെള്ളം കയറിയത് പകർച്ചവ്യാധി ഭീഷണിയും ഉയർത്തുന്നുണ്ട്. വെള്ളം കെട്ടിക്കിടക്കുന്നത് കൃഷിക്കും ഭീഷണി ഉയർത്തുന്നുണ്ട്. വിദ്യാർത്ഥികളടക്കം വീടിന് ചുറ്റുമുള്ള മലിനജലത്തിൽ ചവിട്ടിയാണ് പുറത്തേക്ക് പോകുന്നത്. ഇത് രോഗസാദ്ധ്യത ഉയർത്തുന്നതിനാൽ കുടുംബങ്ങൾ ആശങ്കയിലാണ്. വെള്ളം പമ്പ് ചെയ്താൽ മാത്രമേ വെള്ളപ്പൊക്കത്തിന് പരിഹാരമാവുകയുള്ളുവെന്ന് പ്രദേശവാസികൾ പറയുന്നു. വെള്ളം പൂർണമായി വലിയണമെങ്കിൽ എട്ടുദിവസമെങ്കിലും വേണ്ടിവരും. അതുവരെ താത്കാലികമായെങ്കിലും വാടകയ്ക്ക് മാറുകയെന്നത് സാധാരണക്കാരായ കുടുംബങ്ങളെ സംബന്ധിച്ച് അപ്രാപ്യമാണ്. വരുംദിവസങ്ങളിൽ മഴ കനത്താൽ തങ്ങളുടെ ജീവിതം കൂടുതൽ ദുരിതത്തിലാകുമോ എന്ന ആശങ്കയിലാണ് ഈ കുടുംബങ്ങൾ കഴിയുന്നത്.