കോട്ടയം: നീണ്ടൂർ കോട്ടമുറി ഭാഗത്ത് വീടിന്റെ വാതിൽ തകർത്ത് 14 പവനും പതിനായിരം രൂപയും മോഷ്‌ടിച്ച കേസിലെ പ്രതി പിടിയിൽ. പകൽ സമയത്ത് മാത്രം മോഷണം നടത്തുന്ന കൊട്ടാരക്കര കരീപ്ര ഇടയ്‌ക്കയിടം അഭിവിഹാറിൽ എസ്.അഭിരാജിനെ (ഉണ്ണിക്കണ്ണൻ -26)യാണ് ഏറ്റുമാനൂർ സി.ഐ എസ്.മഞ്ജുലാൽ അറസ്റ്റ് ചെയ്‌തത്.
രാവിലെ ആറരയോടെ വീട്ടിൽ നിന്നിറങ്ങുന്ന പ്രതി മോഷണത്തിന് ശേഷം വൈകിട്ട് കൃത്യമായി വീട്ടിൽ തിരികെ കയറും. മോഷണം നടത്താനിറങ്ങും മുൻപ് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യും. പിന്നെ ആളുകൾ പുറത്തു പോകുന്ന വീടുകൾ കണ്ടെത്തും. മുറ്റത്ത് ചെരുപ്പുണ്ടോ എന്ന് നിരീക്ഷിക്കും. തുടർന്ന് കോളിംഗ് ബെൽ അടിച്ച് ആളില്ലെന്ന് ഉറപ്പാക്കും. ബെല്ലടിക്കുമ്പോൾ ആരെങ്കിലും പുറത്തെത്തിയാൽ ഏതെങ്കിലും വീടിന്റെ വിലാസമോ വഴിയോ ചോദിച്ച് രക്ഷപ്പെടും. ആളില്ലാത്ത വീടിന്റെ ജനൽ തകർത്ത് ഉള്ളിലേയ്‌ക്ക് നോക്കി വാതിലിന്റെ ലോക്ക് കണ്ടെത്തും. ജനലിനുള്ളിലൂടെ ലോക്കിന്റെ സ്ഥാനം തിരിച്ചറിയാൻ സാധിച്ചില്ലെങ്കിൽ, മൊബൈൽ ഫോണിൽ ലോക്കിന്റെ ചിത്രമെടുത്ത് പരിശോധിക്കും. തുടർന്ന് കമ്പ് ഉപയോഗിച്ച് ലോക്കിൽ കുടുക്കിട്ട് വാതിൽ തുറന്നാണ് മോഷണം നടത്തിയിരുന്നത്.
കൊട്ടാരക്കര, ചടയമംഗലം, പുനലൂർ, അടൂർ, പൂച്ചാക്കൽ, കുന്നത്തുനാട്, പിറവം, കോലഞ്ചേരി, ചോറ്റാനിക്കര, തടിയിട്ടപറമ്പ്, കുറുപ്പംപടി എന്നിവ അടക്കം സംസ്ഥാനത്തെ 24 പൊലീസ് സ്‌റ്റേഷനുകളിൽ ഉണ്ണിക്കണ്ണനെതിരെ കേസുണ്ട്. ചെങ്ങന്നൂർ അങ്ങാടിക്കൽ ഭാഗത്ത് ആളില്ലാത്ത വീട്ടിൽ നിന്ന് ആറു പവനും പണവും, തിരുവല്ല നന്നൂർ ഭാഗത്തെ വീട്ടിൽ നിന്ന് പത്തു പവനും 6500 രൂപയും, കോന്നി ചിറ്റൂർ മുക്കിലെ വീട്ടിൽ 35,000 രൂപയും, ഉദയനാപുരത്തെ വീട്ടിൽ നിന്ന് 8000 രൂപയും മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രതി പൊലീസിനോടു സമ്മതിച്ചു. ഏപ്രിലിലാണ് ഇയാൾ മറ്റൊരു കേസിൽ ജാമ്യത്തിൽ ഇറങ്ങിയത്.
ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ എം.പി ബേബി, ആന്റി ഗുണ്ടാ സ്‌ക്വാഡ് എസ്.ഐ ടി.എസ് റെനീഷ്, സൈബർ സെല്ലിലെ മനോജ്, സ്‌ക്വാഡ് അംഗങ്ങളായ എസ്.അജിത്, വി.എസ് ഷിബുക്കുട്ടൻ, ഐ.സജികുമാർ, സജമോൻ ഫിലിപ്പ്, പി.എൻ മനോജ് എന്നിവരുൾപ്പെട്ട പ്രത്യേക സ്‌ക്വാഡ് ജില്ലാ പൊലീസ് മേധാവി പി.എസ് സാബു രൂപീകരിച്ചിരുന്നു. ഈ സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്.