പാലാ : സംസ്ഥാന സർക്കാരിന്റെ അക്ഷയ ഊർജ അവാർഡ് പാലാ സെന്റ് ജോസഫ്‌സ് എൻജിനിയറിംഗ് കോളേജ് കരസ്ഥമാക്കി. ഒരു ലക്ഷം രൂപയും ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ശൃംഖലാബന്ധിത സോളാർ പവർ പ്ലാന്റ് സ്ഥാപിച്ചതിലൂടെ പ്രതിവർഷം 100 ടൺ കാർബൻ ബഹിർഗമനം കുറയ്ക്കാനും അതിലൂടെ ആഗോള താപനവർദ്ധനവ് കുറയ്ക്കുന്നതിനുള്ള ശ്രമത്തിനും കോളേജ് മുൻകൈ എടുത്തു. ബയോഗ്യാസ് പ്ലാന്റും, 2000 ലിറ്റർ സോളാർ വാട്ടർ ഹീറ്ററും സ്ഥാപിച്ചതിലൂടെ കാന്റീൻ, ഹോസ്റ്റൽ, എന്നിവിടങ്ങളിലെ പാചകവാതക ഉപയോഗം ഗണ്യമായി കുറയ്ക്കാനും സാധിച്ചു. മഴവെള്ള സംഭരണി, ഭൂഗർഭജല സ്രോതസുകളുടെ റീച്ചാർജ്ജിംഗ്, മലിനജല ശുദ്ധീകരണ പ്ലാന്റ് എന്നിവയും നേട്ടങ്ങളാണ്. പാരമ്പര്യേതര ഊർജ സംരക്ഷണത്തിനും വ്യാപനത്തിനും പ്രാധാന്യം നൽകിയതാണ് അവാർഡിന് അർഹമാക്കിയതെന്ന് ചെയർമാൻ മോൺ. ഡോ. ജോസഫ് മലേപ്പറമ്പിൽ വൈസ് ചെയർമാൻ ഫാ. മാത്യു കോരംകുഴ, പ്രിൻസിപ്പൽ ഡോ. ജെ. ഡേവിഡ് എന്നിവർ പറഞ്ഞു.