കോട്ടയം: ഒരു മാസത്തിനിടെ മൂന്നാമത്തെ ഉദ്യോഗസ്ഥനും കൈക്കൂലിക്കേസിൽ കുടുങ്ങിയതോടെ നഗരസഭയുടെ എല്ലാ ഓഫിസിലും അഴിമതിയ്‌ക്കെതിരായി പരാതി നൽകാൻ പരാതിപ്പെട്ടി സ്ഥാപിക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനം. അഴിമതിക്കേസിൽ അതിരൂക്ഷമായ വാദപ്രതിവാങ്ങൾ കണ്ട നഗരസഭ കൗൺസിൽ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം ഉണ്ടായത്.
പ്രതിപക്ഷ ഭരണപക്ഷാംഗങ്ങൾ ഒറ്റക്കെട്ടായി അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് രംഗത്ത് എത്തി. നഗരസഭയുടെ അകത്തും പുറത്തും അഴിമതിയും മാലിന്യവും നിറഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. നഗരസഭയിലെ ജീവനക്കാർ തുടർച്ചയായ ദിവസങ്ങളിൽ കൈക്കൂലിക്കേസിൽ കുടുങ്ങിയത് നഗരസഭയ്‌ക്ക് നാണക്കേടായി മാറി. നഗരസഭാ ഭരണാധികാരികളുടെ തണലിലാണ് അഴിമതി നടക്കുന്നതെന്നും പ്രതിപക്ഷനേതാവ് സി എൻ സത്യനേശൻ ആരോപിച്ചു.
അഴിമതിക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഭരണപക്ഷത്തു നിന്നും കൗൺസിലർമാർ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. അഴിമതിതടയാൻ നടപടിയെടുത്തില്ലെങ്കിൽ ജനങ്ങളെ ഉപയോഗിച്ച് ഉദ്യോഗസ്ഥർക്കെതിരെ സമരം ആരംഭിക്കുമെന്നും ഭരണപക്ഷാംഗങ്ങൾ അറിയിച്ചു. അജണ്ടയിൽ്ര വിഷയം ഇല്ലാത്തതിനാൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയാണ് വിഷയം സഭയിൽ അവതരിപ്പിച്ചത്.
പ്രതിപക്ഷാംഗങ്ങളായ വി വി ഷൈല, അഡ്വ.ഷീജ അനിൽ, അരുൺ ഷാജി, എം ഇ റജിമോൻ, ജോബി ജോൺസൺ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. നഗരസഭയിലെ ഉന്നതർ അടക്കമുള്ളവർ അഴിമതിയിൽ പങ്കാളികളാണെന്ന് പ്രതിപക്ഷവും ഭരണപക്ഷവും ഒരു പോലെ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ കൃത്യമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ നഗരസഭ ഭരണത്തിൽ അഴിമതി പിടിമുറുക്കുമെന്നും ഇവർ കുറ്റപ്പെടുത്തി.