പൊൻകുന്നം : അധികൃതരുടെ കനിവിനായി കാത്തിരുന്ന് സഹികെട്ട നാട്ടുകാർ അവസാനം പണിയായുധങ്ങളുമായി ഇറങ്ങിയതോടെ തകർന്നുകിടന്ന റോഡിന് പുനർജീവൻ. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ ഒരുകിലോമീറ്ററോളം വരുന്ന തമ്പലക്കാട് - വണ്ടനാമല റോഡാണ് സ്ത്രീകളും കുട്ടികളുമടക്കം ഭാഗികമായി നന്നാക്കിയത്. ഏറെനാളായി പൊട്ടിത്തകർന്ന് കിടന്ന റോഡ് മഴക്കാലമായതോടെ ചെളിക്കുളമായിരുന്നു. കാൽനടയാത്ര പോലും അസാദ്ധ്യമായി.

നൂറോളം കുടുംബങ്ങൾ താമസിക്കുന്ന വണ്ടനാമല കോളനിയിലേക്കുള്ള ഏക മാർഗമായിരുന്നു റോഡ്. കോളനിവാസികൾക്ക് കാഞ്ഞിരപ്പള്ളി, പൊൻകുന്ന പട്ടണങ്ങളുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയവും ഇതായിരുന്നു. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിൽ നിരവധി തവണ നിവേദനം നൽകിയിട്ടും നടപടി ഉണ്ടായില്ല. ഫണ്ട് അനുവദിക്കുമെന്ന ഡോ.എൻ.ജയരാജ് എം.എൽ.എയുടെ ഉറപ്പും പാഴ്‌വാക്കായി. ഒടുവിൽ പ്രദേശവാസികൾ ശ്രമദാനവുമായി രംഗത്തിറങ്ങറങ്ങുകയായിരുന്നു. മെറ്റൽ വിരിച്ച് റോഡ് ഭംഗിയാക്കി. ഇതിനാവശ്യമായ ഫണ്ടും ഇവർ തന്നെ സ്വരൂപിച്ചു. ഹരിക്കുട്ടൻ നടുപ്പറമ്പിൽ,വിനു ടി.വി, ബിന്ദു പ്രസന്നൻ, സജി നാരകംപൊയ്കയിൽ, സുജാത സജി, ഉഷ, ഷീബ, മോഹനൻ, ലളിത എന്നിവർ നേതൃത്വം നൽകി.