പാലാ: രക്ഷപ്പെടൽ മാജിക്ക് അവതരിപ്പിക്കുന്നതിനിടെ കൊൽക്കത്ത ഹൂഗ്ലി നദിയിൽ മജീഷ്യൻ ചഞ്ചൽ ലാഹിരി മുങ്ങി മരിച്ച സംഭവത്തിൽ കേരളത്തിലെ മാജിക്ക് ലോകത്തും ഞെട്ടൽ ! കേരളത്തിലെ എണ്ണം പറഞ്ഞ മജീഷ്യർക്കെല്ലാം പരിചയക്കാരനായിരുന്നു ചഞ്ചൽ. ഒരു നിമിഷ നേരത്തേ പിഴവു കൊണ്ടാണ് വെള്ളത്തിനടിയിലെ സാഹസിക മാജിക്കിൽ ചഞ്ചലിന്റെ ജീവൻ നഷ്ടപ്പെട്ടതെന്ന് പ്രമുഖ മജീഷ്യർ വിലയിരുത്തുന്നു. ചഞ്ചൽ ലാഹിരിയ്ക്കുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇക്കാര്യത്തിലുള്ള തങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുകയാണ് ഒരു പറ്റം മജീഷ്യർ.

ആർ. കെ. മലയത്ത്

ഫയർഎസ്‌കേപ്പ്, വാട്ടർ എസ്‌കേപ്പ് തുടങ്ങിയ രക്ഷപ്പെടൽ ജാലവിദ്യയുടെ രീതികൾ സമാനമാണെങ്കിലും അവതരിപ്പിക്കുന്ന ഓരോ സ്ഥലത്തേയും സാഹചര്യങ്ങൾ വ്യത്യസ്തമാകും. നിശ്ചലമായ ഒരു കുളത്തിലെ വെള്ളത്തിൽ അവതരിപ്പിക്കും പോലെ ഒഴുക്കുള്ള വെള്ളത്തിൽ വാട്ടർ എസ്‌കേപ്പ് അവതരിപ്പിക്കാനാവില്ല. ഓരോ ജാലവിദ്യയുടേയും ശാസ്ത്രീയതയും മജീഷ്യൻ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.


ഗോപിനാഥ് മുതുകാട്

പരിശീലനത്തിന്റെ കുറവുണ്ടെങ്കിലും പെട്ടെന്ന് പേരെടുക്കാൻ സാഹസിക മായാജാലം അവതരിപ്പിക്കുന്നത് അപകടമാണ്. രണ്ട് വർഷം തുടർച്ചയായി പരിശീലനം നടത്തിയ ശേഷമാണ് ഞാൻ ആദ്യമായി ഫയർ എസ്‌കേപ്പ് നടത്തിയത്.സാഹസിക മായാജാലം ജനങ്ങളെ ഏറെ ആകർഷിയ്ക്കുമെങ്കിലും അതിന് പിന്നിലെ അപകട സാദ്ധ്യതകളെക്കുറിച്ച് അധികമാരും ചിന്തിക്കാറില്ല.

മജീഷ്യൻ സാമ്രാജ്

ഒരു നിമിഷ നേരത്തേ പിഴവാണ് ചഞ്ചലിന്റെ ജീവനെടുത്തത്. ഇത് ഒരു പക്ഷേ സഹായികൾക്കുണ്ടായ പിഴവുമാകാം. ഇത്ര അപകടം പിടിച്ച ഇനമായതിനാലാണ് മോഹൻലാൽ ഒരിക്കൽ ഫയർ എസ്‌കേപ്പ് നടത്താൻ തയ്യാറായപ്പോൾ ഞാൻ എതിർക്കാൻ കാരണം. സഹായികളുടെ പോലും പിഴവു കൊണ്ട് ജീവൻ നഷ്ടപ്പെട്ടേക്കാം. ഇത് ഓരോ മജീഷ്യർക്കും ആസ്വാദകർക്കുമുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്.......

കൊച്ചു മജീഷ്യനും കുടുങ്ങി


ബാല മാന്ത്രികൻ കണ്ണൻ മോനും പറയാനുണ്ട് ഒരു രക്ഷപ്പെടൽ ജാലവിദ്യയിലെ 'രക്ഷപ്പെടലിന്റെ ' കഥ. മൂന്നു വർഷം മുമ്പ് ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ ഉത്സവ വേദിയിൽ മാജിക്ക് അവതരിക്കുകയായിരുന്നു കണ്ണൻ മോൻ. അവസാന ഇനമായി ഒരു പായിൽ പൊതിഞ്ഞ് വരിഞ്ഞ് മുറുക്കി കെട്ടി മജീഷ്യനെ സ്റ്റേജിൽ സൂക്ഷിക്കുന്ന ജാലവിദ്യയാണ് മാറ്റ് റോൾ മിസ്റ്ററ്റി എസ്‌കേപ്പ് . ഞൊടിയിടയിൽ മജീഷ്യൻ പുറത്ത് കാണികൾക്കിടയിൽ നിന്ന് വേഷം മാറി എത്തണം. മുഖ്യാതിഥി അന്നത്തെ വനിതാ കമ്മിഷൻ അംഗം ഡോ.ജെ.പ്രമീളാദേവിയും ക്ഷേത്രം ഭാരവാഹികളും ചേർന്നാണ് പായയിൽ പൊതിഞ്ഞു വരിഞ്ഞുമുറുക്കി കെട്ടിയത്. ഗുരു കോട്ടയം ജയദേവ് ഉൾപ്പെടെയുള്ളവർ വേദിയിലുണ്ടെങ്കിലും യഥാസമയം കണ്ണൻ മോന് പുറത്തു വരാൻ കഴിഞ്ഞില്ല. അപകടം മനസ്സിലാക്കിയ സഹായികൾ മറ്റൊരു ടെക്‌നിക്കിലൂടെ കണ്ണൻ മോനെ പുറത്തെത്തിക്കുകയും മാജിക്ക് പരാജയപ്പെടാതെ കാക്കുകയുമായിരുന്നു. ജീവന് വില പറഞ്ഞ ഇനമായിപ്പോയെങ്കിലും തുടർന്ന് 10 വേദികളിൽക്കൂടി മാറ്റ് റോൾ മിസ്റ്ററി എസ്‌കേപ്പ് കണ്ണൻ മോൻ വിജയകരമായി അവതരിപ്പിച്ചു.