വൈക്കം: വൈക്കത്തെയും സമീപ പ്രദേശങ്ങളിലെയും യാത്രാദുരിതം പരിഹരിക്കാനായി വൈക്കം -വൈറ്റില, വൈക്കം -കുമരകം വഴിയുള്ള കോട്ടയം കെ.എസ്.ആർ.ടി.സി ചെയിൻ സർവീസുകൾ പുനരാരംഭിക്കണമെന്ന് ഓട്ടോ ,ടെമ്പോ, ടാക്‌സി ഡ്രൈവേർസ് യൂണിയൻ (ഐ.എൻ.ടി.യു.സി) വൈക്കം താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ലാഭകരമായി ഓടിക്കൊണ്ടിരുന്ന ഈ രണ്ടു റൂട്ടുകളിലുമുള്ള ചെയിൻ സർവീസുകൾ സ്വകാര്യ ബസ് ലോബിയുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് നിറുത്തിയതെന്ന് യോഗം ആരോപിച്ചു. മുൻപ് നിറുത്തലാക്കിയ വൈക്കം - മൂത്തേടത്തുകാവ് - എറണാകുളം, വൈക്കം - ടിവി.പുരം- എറണാകുളം സർവീസുകളും പുനരാരംഭിക്കണമെന്നും സർവീസുകൾ വെട്ടിക്കുറച്ചത് ആട്ടോ തൊഴിലാളികളുടെ തൊഴിലിനെ ദോഷകരമായി ബാധിച്ചെന്നും യൂണിയൻ പ്രസിഡന്റ് അഡ്വ.വി.വി.സത്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മറ്റി അംഗം പി.വി.പ്രസാദ്, ഇടവട്ടം ജയകുമാർ, കെ.എൻ.വേണുഗോപാൽ, വൈക്കം ജയൻ, ശ്രീരാജ് ഇരുമ്പേപ്പള്ളിൽ, ബാബു മംഗലത്ത്, സുരേഷ് മാടത്തിൽചിറ തുടങ്ങിയവർ സംസാരിച്ചു.