രാജാക്കാട് : ചിന്നക്കനാലിലെ വ്യാപാരിയെ കബളിപ്പിച്ച് ഒന്നര കോടി രൂപയുടെ ഏലയ്ക്ക തട്ടിയെടുത്ത സംഭവത്തിൽ കുറ്റിപ്പുറം എടച്ചാലംകോട്ടയിൽ ഇസ്മയിലിനെ (54) ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടുകാട് പടയാറ്റിൽ പോളിന്റെ പരാതിയിലാണ് അറസ്റ്റ്. രണ്ടും മൂന്നും പ്രതികളായ തലശ്ശേരി കയ്യാറ്റൽ തയ്യിൽ നൗഫൽ (41), കൊയിലാണ്ടി കീഴൂർമഠത്തിൽ അബ്ദുൾ ജലീൽ (42) എന്നിവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി.
മലബാറിലുള്ള മലഞ്ചരക്ക് സ്ഥാപനത്തിന്റെ ഉടമകളാണ് തങ്ങളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതികൾ പോളിന്റെ ചിന്നക്കനാലിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് രണ്ടു വർഷത്തിനിടെ 1408.89 കിലോ ഏലയ്ക്ക വാങ്ങിയത്. ഇതിന്റെ വിലയായ 2.28 കോടി രൂപയിൽ 61 ലക്ഷം മാത്രമാണ് നൽകിയത്. ബാക്കിയ്ക്ക് കഴിഞ്ഞ ഏപ്രിൽ വരെ അവധി നൽകിക്കൊണ്ട് ഇരു കൂട്ടരും കരാർ ഉണ്ടാക്കിയിരുന്നു. കരാർ കാലാവധിക്കു ശേഷം പ്രതികൾ നൽകിയ ചെക്ക് അക്കൗണ്ടിൽ പണമില്ലാത്തതിനാൽ മടങ്ങി. ഇസ്മയിലിനെ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ടപ്പോൾ വധഭീഷണി മുഴക്കി. മലപ്പുറത്ത് നിന്നാണ് ഇസ്മയിലിനെ അറസ്റ്റ് ചെയ്തത്. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.