തലയോലപ്പറമ്പ്: എ.ജെ.ജോൺ മെമ്മോറിയൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വൈവിദ്ധ്യമാർന്ന പരിപാടിളോടെ വായനാ വാരാഘോഷത്തിന് തുടക്കം കുറിച്ചു. മലയാളത്തിലെയും ലോക സാഹിത്യത്തിലെയും പ്രശസ്തരായ സാഹിത്യകാരൻമാരും കഥാപാത്രങ്ങളും അരങ്ങിലെത്തി. ചങ്ങമ്പുഴയുടെ വാഴക്കുല, കടമ്മനിട്ടയുടെ ചാക്കാല, ഒ.വി. വിജയന്റെ കടൽതീരത്ത്, കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി, ചാച്ചാജിയും കുട്ടികളും, ഇഞ്ചക്കാട് ബാലചന്ദ്രന്റെ കവിത എന്നിവയുടെ ദൃശ്യാവിഷ്‌കാരങ്ങളും നടന്നു. എല്ലാകുട്ടികളും പുസ്തകത്തൊപ്പിയണിഞ്ഞാണ് രംഗത്തെത്തിയത്. സ്‌കൂൾ മുറ്റത്ത് ഒരു വായനാമരം ഉണ്ടാക്കി അവിടെ ഓപ്പൺ ലൈബ്രറിയും സജ്ജീകരിച്ചു. പുസ്തകവായനയുമായി ബന്ധപ്പെട്ട അടിക്കുറിപ്പ് മത്സരം നടത്തി. പി.ടി.എ പ്രസിഡന്റ് എം.എ അക്ബർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ അശോക് കുമാർ ഹെഡ്മാസ്റ്റർ രാജേന്ദ്രൻ, എം.എസ് തിരുമേനി തുടങ്ങിയവർ സംസാരിച്ചു. അദ്ധ്യാപകരായ നിഷ നാരായണൻ, ഡോ.യു ഷംല ,ആശ, സന്തോഷ്, കൃഷ്ണൻകുട്ടി ,ജോർജ്ജ്, അജിത്കുമാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.