കുറവിലങ്ങാട്: ബൈക്കുകൾ മോഷ്ടിക്കുന്ന സംഘത്തിലെ പ്രായപൂർത്തിയാകാത്തവരടക്കം അഞ്ചു പേരെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.
ഏറ്റുമാനൂർ കിഴക്കുംഭാഗം കരയിൽ പിണ്ടിപ്പുഴ പെരുവേലിൽ സിജോ അലക്‌സ് (18) പിണ്ടിപ്പുഴ കൊല്ലറാത്തു ചാൾസ് ചാക്കോ (18), കാണക്കാരി കാരുപ്പടത്തിൽ ആൽബിൻ (18 ) ഏറ്റുമാനൂർ സ്വദേശികളായ 17 വയസ്സുകാർ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ഒന്നാം തീയതി രാത്രി കോഴ കടമ്പഞ്ചിറ ജോസഫിന്റെ സ്‌ക്കൂട്ടറും അടുത്ത ദിവസം കോഴാ കൊല്ലംകോട്ട് ഉല്ലാസിന്റെ ബൈക്കും മോഷണം പോയിരുന്നു. പൊലീസിൽ പരാതി നൽകിയതിനോടൊപ്പം നാട്ടുകാരും പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. ചൊവ്വാഴ്ച്ച പുലർച്ചെ കൊല്ലംകോട് ഭാഗത്ത് സംശയകരമായ രീതിയിൽ ബൈക്കുമായി കണ്ട രണ്ട് യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റ് മൂന്നു പേർ പിടിയിലായത്.