വൈക്കം: സ്‌കൂൾ കുട്ടികൾ അടക്കമുള്ള യാത്രക്കാരെ പെരുവഴിയിലാക്കി വൈക്കത്ത് ഒരു വിഭാഗം സ്വകാര്യ ബസ് തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്. തൊഴിലാളി യൂണിയനുകൾക്ക് പണിമുടക്കുമായി ബന്ധമില്ലെന്ന് വിവിധ യൂണിയനുകളുടെ നേതാക്കൾ പറഞ്ഞു.
മുന്നറിയിപ്പില്ലാതെ ഇന്നലെ പുലർച്ചെ മുതൽ ആരംഭിച്ച പണിമുടക്ക് 11 ന് ആണ് അവസാനിപ്പിച്ചത്. തുടർന്ന് പല ബസുകളും സർവീസ് നടത്താൻ തയാറായുമില്ല. വൈക്കം–എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ഇ ബി എസ് ബസ് ചൊവ്വാഴ്ച്ച രാവിലെ എറണാകുളത്തു വച്ച് ഒരു സ്‌പെഷ്യൽ സ്‌കൂളിന്റെ ബസുമായി കൂട്ടിമുട്ടുകയും ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ചെയ്തിരുന്നു. തുടർന്ന് സ്‌കൂൾ ബസിന്റെ ഡ്രൈവറുടെ സഹോദരനും ഇബിഎസ് ബസിന്റെ ഡ്രൈവറുമായി ചെമ്പിൽ വച്ച് സംഘർഷം ഉണ്ടായി. പൊലീസ് ഇന്നലെ രാവിലെ പ്രശ്‌ന പരിഹാരം ഉണ്ടാക്കാം എന്ന് അറിയിച്ചിരിക്കെ ഒരുസംഘം തൊഴിലാളികൾ രാവിലെ ബസ് സർവീസുകൾ ആരംഭിക്കാൻ എടുത്ത ബസുകൾ തടയുകയായിരുന്നു. പണിമുടക്ക് അറിയാതെ വീട്ടിൽ നിന്നിറങ്ങിയ വിദ്യാർത്ഥികളും മറ്റ് യാത്രക്കാരും ദുരിതത്തിലായി.