കോട്ടയം: വ്യക്തിത്വ വികസനത്തിനും നല്ല മൂല്യബോധം വളർത്താനും വായന സഹായിക്കുമെന്ന് എയർ ഇന്ത്യ മുൻ ചെയർമാൻ ഡോ.റോയ് പോൾ. പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പി.എൻ.പണിക്കർ ചരമദിനത്തോടനുബന്ധിച്ചുള്ള വായനാ ദിനാചരണവും പുസ്തക പ്രദർശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായനാശീലം തിരിച്ചു വരുന്നതിൽ സന്തോഷമുണ്ട്. ആറായിരത്തിൽപരം ഗ്രാമീണ ഗ്രന്ഥശാലകളിലൂടെ കേരളത്തിൽഇതിന് വിത്തുപാകിയത് പി.എൻ.പണിക്കരാണ് .വായനയും പുസ്തകങ്ങളും ഒരിക്കലും മരിക്കില്ലന്നും അദ്ദേഹം പറഞ്ഞു. ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ പ്രൊ. മാടവന ബാലകൃഷ്ണപിള്ള, വി.ജയകുമാർ, ഷാജി വേങ്കടത്ത് എന്നിവർ പ്രസംഗിച്ചു.പുതിയ 500 മലയാള പുസ്തകങ്ങളുടെ ഒരാഴ്ച നീളുന്ന പ്രദർശനവും ആരംഭിച്ചു.