ചിറ്റാർ: ചിറ്റാർ മാർക്കറ്റ് ജംഗ്ഷനിൽ മാലിന്യം കുന്നു കൂടുന്നു. ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡും ചന്തയുടെ പരിസരത്തുമാണ് മാലിന്യം നിറയുന്നത്. മാലിന്യം നീക്കിയിട്ട് ഏഴു ദിവസമായി. ജംഗ്ഷനിലും റോഡ് വക്കിലും ദുർഗന്ധമാണ്. ഗ്രാമപഞ്ചായത്ത് യഥാസമയം മാലിന്യം നീക്കം ചെയ്യുന്നില്ളെന്ന് വ്യാപാരികൾ പറയുന്നു. മഴ പെയ്യുന്നതോടുകൂടി മാലിന്യം ഒലിച്ചിറങ്ങി പരിസര പ്രദേശങ്ങളുടെ പുരയിടങ്ങളിൽ കെട്ടി നിൽക്കുന്നതായും പരാതിയുണ്ട്.
2017ൽ ചിക്കൻഗുനിയ പടർന്നു പിടിച്ചു
2007ൽ ഇവിടെ ചിക്കൻഗുനിയ പടർന്നു പിടിച്ചിരുന്നു. കൈതച്ചെടികളിൽ കെട്ടി നിന്ന വെള്ളത്തിൽ ഈഡിസ് കൊതുകൾ പെരുകിയതാണ് ചിക്കുൻഗുനിയ പടർന്നു പിടിക്കാൻ കാരണമായതെന്ന് പിന്നീട് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഇത് ടൗണിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവരുടെ ദൈനംദിന ജീവിതത്തെയും ബാധിച്ചിട്ടുണ്ട്. അതേ ഭീഷണി ഇപ്പോഴുണ്ട്. ഗ്രാമപഞ്ചായത്തിന്റെ മിക്ക ഭാഗങ്ങളിലും അതിർത്തി പങ്കിടുന്ന റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലും കൈതകൃഷി വ്യാപകമായിട്ടുണ്ട്. ഇതിനോടൊപ്പം രണ്ടു ഗ്രാമപഞ്ചായത്തിലും മാലിന്യം സംസ്‌കരണവും യഥാസമയം നടക്കുന്നില്ല.
നിർമൽ പുരസ്കാരം നേടിയ പഞ്ചായത്ത്
രാഷ്ട്രപതിയിൽ നിന്നും നിർമൽ പുരസ്‌കാരം ലഭിച്ച ഗ്രാമപഞ്ചായത്തിൽ ടൗണിലെത്തുന്നവർക്ക് പ്രാഥമികകാര്യങ്ങൾക്കുള്ള സൗകര്യമില്ലെന്നുള്ളതും ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് ബസ് സ്റ്റാൻഡിനും മാർക്കറ്റിനും ഇടയിലായി ശുചിമുറികൾ നിർമിച്ചിട്ടുണ്ടെങ്കിലും തുറന്നു നൽകാൻ നടപടിയുണ്ടാവാത്തതും യാത്രക്കാരുടെയും മാർക്കറ്റിലെത്തുന്നവരുടെയും ദുരിതം വർധിപ്പിക്കുന്നു. ടോയ്‌ലറ്റ് ബ്ലോക്ക് കാടുകയറി മൂടിയ നിലയിലാണ്. ഗ്രാമപഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഭാഗമായി നിർമിച്ചിട്ടുള്ള മുറികളിലും മാലിന്യം നിറഞ്ഞ നിലയിലാണ്. കടമുറികൾ ലേലം ചെയ്യാത്തിനെ തുടർന്ന് രാത്രികാലങ്ങളിൽ ഇവിടെ സാമൂഹിക വിരുദ്ധർ താവളമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പും സംഭവത്തിൽ ഇടപെടാത്തത് ജനജീവിതം കൂടുതൽ ദുസഹമാക്കി.
'' ടൗണിൽ രണ്ട് ശുചീകരണ തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഒരാളേയുളളൂ. ഒരാളേക്കൂടി നിയമിക്കും.
രവികല എബി
( പഞ്ചായത്ത് പ്രസിഡന്റ്)