തലയോലപ്പറമ്പ്: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 9 മണിയോടെ തലയോലപ്പറമ്പ് എ.ജെ ജോൺ മെമ്മോറിയൽ ഗേൾസ് സ്‌കൂളിന് മുൻവശത്താണ് അപകടം. കുറവിലങ്ങാട് സ്വദേശി അനന്ദുവിനാണ്(18) പരിക്കേറ്റത്. ഇയാളെ മുട്ടുചിറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിർത്തിയിട്ടിരുന്ന കാർ റോഡിന് കുറുകെ തിരിക്കുന്നതിനിടെ പള്ളിക്കലയിൽ നിന്ന് സിലോൺ കവലയ്ക്ക് പോകുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അനന്ദു റോഡിൽ തലയടിച്ച് വീഴുകയായിരുന്നു. ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും പരിക്ക് ഗുരുതരമാണെന്ന് ഡോക്ടമാർ പറഞ്ഞു. തലയോലപ്പറമ്പ് ചന്ത പാലത്തിന് സമീപമുള്ള ഷട്ടർ വർക്ക്‌ഷോപ്പിലെ ജീവനക്കാരനാണ് അനന്ദു. നാല് ലക്ഷം രൂപ വിലവരുന്ന ബി.എം.ഡബ്യൂ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ബൈക്ക് പൂർണ്ണമായി തകർന്നു.

ഫോട്ടോ: തലയോലപ്പറമ്പ് എ.ജെ ജോൺ ഗേൾസ് സ്‌കൂളിന് മുൻവശത്ത് കാറുമായി കൂട്ടി ഇടിച്ച് തകർന്ന ബൈക്ക്