വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേനടയിലും സമീപ പ്രദേശങ്ങളിലും ബൈക്കിലെത്തി മാല കവരുന്നത് പതിവായതോടെ പ്രായമായവർ ഉൾപ്പടെയുള്ള സ്ത്രീകൾ ഭീതിയിലാണ്. ക്ഷേത്രത്തിന്റെ കിഴക്കേനടയ്ക്ക് സമീപത്തെ മൂട്ടസ് റോഡിലും അനുബന്ധ വഴികളിലുമായി ആറോളം വയോധികരാണ് ഇതിനകം മോഷ്ടാക്കളുടെ ആക്രമണത്തിനിരയായി ആഭരണം നഷ്ടപ്പെട്ടത്. കഴിഞ്ഞദിവസം വൈകുന്നേരം മുട്ടുസ് മന റോഡിലൂടെ അയൽക്കാരിയുമൊത്ത് നടന്നുവരികയായിരുന്ന രമണിയമ്മ എന്ന വീട്ടമ്മയുടെ രണ്ടരപവന്റെ മാല ബൈക്കിലെത്തിയ മോഷ്ടാക്കൾ കവർന്നു. കഴുത്തിൽ കുത്തിപ്പിടിച്ച് ആയുധം കൊണ്ട് വരഞ്ഞ് മുറിവേൽപിച്ചാണ് മാല പൊട്ടിച്ചെടുത്തത്. ദിവസങ്ങൾക്ക് മുമ്പ് വൈക്കം നഗരസഭ ഉപാധ്യക്ഷ എസ്.ഇന്ദിരാദേവി നഗരസഭയിൽ നിന്ന് വൈകുന്നേരം വീട്ടിലേയ്ക്കു മടങ്ങുമ്പോൾ ബൈക്കിലെത്തിയ മോഷ്ടാക്കൾ മാല കവർന്നെടുത്തു. പൊതുപ്രവർത്തകനും കോൺട്രാക്ടറുമായ അജിമാധവന്റെ മാതാവ് ഇന്ദിര, സമീപവാസികളായ ഭൈമി, ലക്ഷ്മിക്കുട്ടിയമ്മ എന്നിങ്ങനെ നിരവധി സ്ത്രീകളുടെ ആഭരണങ്ങൾ ഇത്തരത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്. ഈ ഭാഗത്തെ റോഡിലേയ്ക്കു തിരിച്ച് നിരവധി കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അവ പരിശോധിച്ചാൽ പൊലീസിന് മോഷ്ടാക്കളെക്കുറിച്ച് വിവരം ലഭിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, മാലമോഷണം ഇത്രയേറെ വ്യാപകമായിട്ടും ആരേയും പിടികൂടാനാകാത്തത് പൊലീസിന്റെ ഭാഗത്തുള്ള വീഴ്ചയാണെന്ന് നാട്ടുകാർ പറയുന്നു.