കോട്ടയം: ഗവേഷണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസ് യൂണിവേഴ്സിറ്റിയുടെയും സിൻഡിക്കേറ്റിന്റെയും കെടുകാര്യസ്ഥതയിൽ തകർച്ചയിലേക്ക് നീങ്ങുന്നതായി വിദ്യാർത്ഥികൾ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ബേസിക് സയൻസ് പഠനത്തിലും ഗവേഷണത്തിലും മാതൃകയായ മികവിന്റെ ഈ കേന്ദ്രത്തെ തകർക്കാൻ ബോധപൂർവ ശ്രമങ്ങളാണ് നടക്കുന്നത് . 2018-19 ബാച്ചിൽ മന്ത്രി കെ.ടി.ജലീൽ ഇടപെട്ടിട്ടും പ്രവേശനം നടത്താൻ തയ്യാറാകുന്നില്ല. പ്രഗത്ഭരായ അദ്ധ്യാപകരെ വിദേശത്ത് നിന്ന് ഗസ്റ്റ് ഫാക്കൽറ്റിയായി ക്ഷണിച്ചാണ് അക്കാദമിക് നിലവാരം ഉയർത്തിയിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് ഇതിന് സർവകലാശാല തയ്യാറാകുന്നില്ല. മികച്ച നിലവാരത്തിലുള്ള ക്ലാസ്സുകൾ ഇക്കാരണത്താൽ വിദ്യാർത്ഥികൾക്ക് നഷ്ടമാകുന്നു.
6 മാസമായി അദ്ധ്യാപകർക്ക് ശമ്പളം കൊടുക്കാത്തതിനാൽ ക്ലാസ്സുകൾ മുടങ്ങി. 8 മാസമായി വിദ്യാർത്ഥികളാണ് ഓഫീസിലെ ബില്ലുകൾ പാസാക്കാൻ മുൻകൈ എടുത്ത് വിവിധ സെക്ഷനുകളിൽ കയറിയിറങ്ങുന്നത്. സെക്ഷനിലെ ജീവനക്കാർക്ക് ബില്ലുകൾ പാസാക്കരുതെന്ന നിർദ്ദേശം സർവകലാശാല നൽകുന്നു . ഇതിലൂടെ മികച്ച ഗവേഷണ സ്ഥാപനം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വിദ്യാർത്ഥികളായ ഗായത്രി പി.ആർ, റിൻഷാദ് ബി.എ, നിഹ്ലാ റഷീദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.