കോട്ടയം: കേരള കോൺഗ്രസിലെ പിളർപ്പിനു ശേഷം ഇരു വിഭാഗവും പ്രശ്നങ്ങളുണ്ടാക്കാതെ സംയമനം പാലിക്കണമെന്ന യു.ഡി.എഫ് നിർദ്ദേശം തള്ളി പരസ്പരം ജില്ലാ നേതാക്കളെ പുറത്താക്കി തുടങ്ങി.
ജോസ് കെ. മാണി വിളിച്ച സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുത്തതിന് കോഴിക്കോട്, വയനാട് ജില്ലാ പ്രസിഡന്റുമാരെ ജോസഫ് പുറത്താക്കി. കോഴിക്കോട് പ്രസിഡന്റ് ടി.എം. ജോസഫിന് പകരം വൈസ് പ്രസിഡന്റ് എ.വി. തോമസിനെ പ്രസിഡന്റാക്കി. വയനാട് ജില്ലാ പ്രസിഡന്റ് കെ.ജെ. ദേവസ്യക്കു പകരം വൈസ് പ്രസിഡന്റ് കുട്ടപ്പൻ നെടുമ്പാലയ്ക്കു ചുമതല നൽകി. എട്ടു ജില്ലകളിൽ ജോസ് വിഭാഗത്തിനും ആറിടത്തു ജോസഫിനുമാണ് നിലവിൽ ഭൂരിപക്ഷം. ഇതു മറികടക്കാനാണ് ജോസിനൊപ്പം നിന്ന രണ്ട് ജില്ലാ പ്രസിഡന്റുമാരെ മാറ്റി പുതിയ ഭാരവാഹികളെ ജോസഫ് വിഭാഗം തിരഞ്ഞെടുത്തത്.
ജോസ് കെ. മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത് തൊടുപുഴ കോടതി സ്റ്റേ ചെയ്തതിനാൽ രണ്ട് ജില്ലാ പ്രസിഡന്റുമാരെ നീക്കം ചെയ്ത ജോസഫിന്റെ നടപടിക്കെതിരെ പ്രസ്താവന ഇറക്കിയത് എൻ. ജയരാജ് എം.എൽ.എ ആയിരുന്നു. ഭരണഘടനാപരമായ നടപടിക്രമങ്ങൾ പാലിക്കാതെ ജില്ലാ പ്രസിഡന്റുമാരെ നീക്കം ചെയ്തത് യോജിപ്പിന്റെ സാദ്ധ്യതകൾ അട്ടിമറിക്കാനാണെന്ന് എൻ. ജയരാജ് കുറ്റപ്പെടുത്തി.
പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളല്ലാത്ത പലരും ജോസ് കെ. മാണി വിളിച്ച സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുത്തെന്നാരോപിച്ച് അവർക്കെതിരെയുള്ള നടപടിയുടെ ഭാഗമായി ജോസഫ് വിഭാഗം. നോട്ടീസ് അയച്ചു തുടങ്ങി.
ജോസഫ് പക്ഷത്തായിരുന്ന തൃശൂർ ജില്ലാ പ്രസിഡന്റ് എം.ടി. തോമസിനെ മാണി വിഭാഗം തങ്ങളുടെ പക്ഷത്തെത്തിച്ചു. ജോസഫ് പക്ഷത്തുള്ള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞകടമ്പിലിനെ ഒഴിവാക്കി ജോസ് വിഭാഗം ഇന്ന് കോട്ടയത്ത് യൂത്ത് ഫ്രണ്ട് ജന്മദിനാഘോഷം നടത്തുകയാണ്. ജനറൽ സെക്രട്ടറി സാജൻ തൊടുകയാണ് സമ്മേളനം വിളിച്ചത്. പോഷക സംഘടനകൾ പിടിച്ചെടുക്കുന്നതിന്റെ ഭാഗമാണിതെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആരോപണം. വരും ദിവസങ്ങളിൽ മറ്റു പോഷക സംഘടനകളുടെ സമ്മേളനങ്ങളും ഇരു വിഭാഗങ്ങളും വിളിച്ചിട്ടുണ്ട്. ഇതോടെ പിളർപ്പ് വ്യാപകമായേക്കും.