r

പാലാ: പാലാരിവട്ടം പാലം പോലെ പാലായിലൊരു റോഡുണ്ട്; സമാന്തര റോഡ്! ഇവിടെ പക്ഷേ 'വില്ലൻ ' പൊതുമരാമത്ത് വകുപ്പല്ല, വാട്ടർ അതോറിട്ടിയാണ് !തുറന്നിട്ട് അധികനാളുപോലുമായില്ല; പാലാ സമാന്തര റോഡിന്റെ വശങ്ങൾ ഇടിഞ്ഞു താഴുകയാണ്. ആര്, ആരോട് ചോദിക്കാൻ ....? പറയാൻ....?

ഓരോ കിലോമീറ്ററിനും കോടികൾ ചെലവഴിച്ച് നിർമ്മിച്ച റോഡിന്റെ ഗതിയാണിത്. വൈക്കം റോഡിൽ നിന്നും പാലാ സിവിൽ സ്‌റ്റേഷൻ ഭാഗത്തേയ്ക്കുള്ള റോഡിന്റെ വശങ്ങളാണ് ഇടിഞ്ഞു താഴുന്നത്. ടൈലിട്ട ഫുട്പാത്തിന്റെ ഭാഗങ്ങളും തകർന്നു തുടങ്ങി.

വെള്ളം ഒഴുകുന്നതിനും, കേബിളിടുന്നതിനുമായി സമാന്തര റോഡിൽ രണ്ട് ഓടകളുണ്ട്. പക്ഷേ മഴവെള്ളം ഇപ്പോഴും റോഡിലൂടെത്തന്നെ ഒഴുകുന്നു.
ആധുനിക നിലവാരത്തിൽ പണിത റോഡിൽ വാഹനങ്ങൾക്ക് സൈഡു കൊടുക്കാൻ പോലും ഇപ്പോൾ ബുദ്ധിമുട്ടാണ്. റോഡിന്റെ വശങ്ങൾ ഇടിഞ്ഞു താഴ്ന്നതുമൂലം വാഹനങ്ങൾ സൈഡിലേക്ക് ഒതുക്കാനാവില്ല. ഈ ഭാഗത്തെ കയറ്റം കുടിയാകുമ്പോൾ ഡ്രൈവർമാർ നന്നായി വിയർക്കും. വാട്ടർ അതോറിട്ടി റോഡിൽ സ്ഥാപിച്ചിരുന്ന കാലഹരണപ്പെട്ട പൈപ്പുകൾ പൊട്ടുന്നതോടെയാണ് സമാന്തര റോഡിന്റെ ഭാഗങ്ങൾ ഇടിഞ്ഞുതാഴാൻ തുടങ്ങിയത്.

'പൈപ്പ് പുതുക്കിയിടാൻ കുഴിയെടുക്കാൻ വാട്ടർ അതോറിറ്റിക്ക് അനുവാദം നൽകും. പക്ഷേ അവർ ഒരിക്കലും റോഡ് പൂർവ്വ സ്ഥിതിയിലാക്കാറില്ല. ഇത് അപകടങ്ങൾക്ക് കൂടി കാരണമാകും എന്നു കാട്ടി ഉന്നത അധികാരികൾക്ക് കത്തു കൊടുത്തിട്ടുമുണ്ട് ' പാലാ പി.ഡബ്ലൂ. ഡി. യിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ 'കേരളകൗമുദി ' യോടു പറഞ്ഞു.

പി. ഡബ്ലൂ .ഡി.യും വാട്ടർ അതോറിറ്റിയും തമ്മിൽ തല്ലുമ്പോൾ ഇതൊന്നുമറിയാതെ ,പൊതു ജനം പറയും; പുതുതായി പണിത സമാന്തര റോഡ് തകർന്നു ! നിർമ്മാണത്തിലെ അപാകതയാണ് റോഡ് ഇത്രവേഗം തകരാൻ കാരണമെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.

 സമാന്തര റോഡ്; കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണം

പാലായിൽ പുതുതായി തുറന്ന വൈക്കം റോഡ് സിവിൽ സ്‌റ്റേഷൻ ജംഗ്ഷൻ റോഡിന്റെ തകർച്ചയ്ക്ക് പി.ഡബ്ലൂ.ഡി.യും വാട്ടർ അതോറിറ്റിയും ഒരു പോലെ ഉത്തരവാദികളാണെന്നും യഥാർത്ഥ വസ്തുത എത്രയും വേഗം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് , പാലാ പൗരാവകാശ സമിതി മുഖ്യമന്ത്രി, പൊതു മരാമത്ത് വകുപ്പ് മന്ത്രി, കോട്ടയം ജില്ലാ കളക്ടർ എന്നിവർക്ക് നിവേദനം നൽകിയതായി പ്രസിഡന്റ് ജോയി കളരിക്കൽ അറിയിച്ചു. കുറ്റക്കാർക്കെതിരെ ഉടൻ നടപടി സ്വീകരിക്കുകയും തകർന്ന റോഡ് പുനർ നിർമ്മിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് പൗരസമിതി സമരം തുടങ്ങുമെന്നും ജോയി മുന്നറിയിപ്പ് നൽകി.