കോട്ടയം: യോഗാ സാധകനെന്ന നിലയിൽ കാൽനൂറ്റാണ്ട് പിന്നിടുകയാണ് കോട്ടയം നഗരസഭാ മറിയപ്പള്ളി വാർഡ് കൗൺസിലർ കെ.ശങ്കരൻ .
എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ പരീക്ഷാ പേടി അകറ്റാൻ സൂര്യനമസ്ക്കാര യോഗാസാധനയുമായി നിരവധി സ്കൂളുകളിൽ ഇത്തവണ ഇദ്ദേഹം എത്തിയിരുന്നു. മറിയപ്പള്ളിയെ സമ്പൂർണ യോഗ ഗ്രാമമാക്കുകയയാണ് ലക്ഷ്യമെന്ന് ശങ്കരൻ പറയുന്നു.
യോഗയുടെ ദാർശനിക വശവും പ്രായോഗിക വശവും സമന്വയിപ്പിച്ചുള്ള പരിശീലനമാണ് നടത്തുന്നത്. ബാംഗ്ളൂർ വിവേകാന്ദ യോഗ സർവകലാശാലയിൽ നിന്ന് പതിനഞ്ചാം വയസിൽ യോഗ പഠിച്ചു. തുടർന്ന് കാശി, ഋഷികേശ്, ബാംഗ്ലൂർ തുടങ്ങിയിടങ്ങളിൽ വിവിധ സമ്പ്രദായങ്ങളിൽ ഉപരിപഠനം നടത്തി. ഇതെല്ലാം സമന്വയിപ്പിച്ചാണ് യോഗ സമഗ്രജീവിത ദർശനത്തിനെന്ന കാഴ്ചപ്പാടിൽ സ്വാമി വിവേകാന്ദ യോഗ വിദ്യാപീഠം നടത്തുന്നത്. കോട്ടയത്തിന് പുറമേ ചങ്ങനാശേരി, ഏറ്റുമാനൂർ,കുമരകം തുടങ്ങിയിടങ്ങളിലും ക്ലാസെടുക്കുന്നുണ്ട്.
ഇതിനൊപ്പമാണ് രാഷ്ടീയ പ്രവർത്തനം. നേരത്തേ മറിയപ്പള്ളി വാർഡിൽ നിന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചു നാട്ടകം പഞ്ചായത്ത് അംഗമായി. നാട്ടകം പഞ്ചായത്ത് കോട്ടയം നഗരസഭാ പ്രദേശമാക്കിയതോടെ നഗരസഭാ കൗൺസിലറായി .
യോഗാ ആത്മസംയമനത്തിനുള്ളതാണെങ്കിലും കൗൺസിൽ യോഗങ്ങളിൽ ജനകീയ പ്രശ്നങ്ങളുടെ കാര്യം വരുമ്പോൾ വീറോടെ ഇടപെടും ശങ്കരൻ.
അന്തർദേശീയ യോഗാദിനമായ ഇന്ന് വൈകിട്ട് 5.30ന് കെ.പി.എസ് മേനോൻ ഹാളിൽ യോഗസംഗമം നടത്തുന്നുണ്ട് . അമിത സമ്മർദ്ദം കുറയ്ക്കാനുള്ള സൗജന്യ പരിശീലനമാണ് പൊതുജനങ്ങൾക്കായി നൽകുക.
'12 സ്റ്റെപ്പുകളുള്ള സൂര്യനമസ്ക്കാരം എല്ലാ ദിവസവും അനുഷ്ഠിക്കുന്നവർക്ക് ആയുസ്, പ്രജ്ഞ, ബലം, വീര്യം, തേജസ് എന്നിവ ലഭിക്കും. ശ്വസന ക്രിയയിൽ ഏറെ ശ്രദ്ധിച്ചാണ് ഇത് ചെയ്യേണ്ടത്. ടെൻഷൻ ഒഴിവാക്കാൻ ഏറെ സഹായകമാണ്. കക്ഷി രാഷ്ടീയത്തിനതീതമായി മിക്ക രാഷ്ടീയക്കാരും പ്രായമേറിയിട്ടും സൂര്യനമസ്ക്കാരം ഉൾപ്പെടെ നിത്യേന ചെയ്യാറുണ്ട്. അവരുടെ ഊർജ്വസ്വലതക്ക് പ്രധാന കാരണങ്ങളിലൊന്ന് യോഗസാധകമാണ്.'
യോഗാ സാധക് കെ.ശങ്കരൻ