shatter

തലയോലപ്പറമ്പ് : മൂവാറ്റുപുഴ ആറിന്റെ പ്രധാന കൈവഴിയായി അരനൂറ്റാണ്ട് മുൻപ് നിർമ്മിച്ച കരികനാലിന്റെ താഴപള്ളി ഭാഗത്തെ ഷട്ടർ നിർമ്മാണം വൈകുന്നത് മൂലമുണ്ടായ പ്രദേശവാസികളുടെ ഭീതിക്ക് പരിഹാരമായി. കഴിഞ്ഞ ദിവസം ഷട്ടർ സ്ഥാപിക്കൽ ജോലികൾ പുനരാരംഭിച്ചു. കനാലിലെ നവീകരണം ആരംഭിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും നിർമ്മാണ പ്രവർത്തനം ഇഴഞ്ഞു നീങ്ങുന്നതും അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനവുമാണ് ജനത്തെ ഭീതിയിലാക്കിയിരുന്നത്. മുൻകാലങ്ങളിൽ വർഷകാലത്ത് അടിയം ചാലിൽ ഒഴുകിയെത്തുന്ന വെള്ളം പുത്തൽ തോടിന് അടിയിലൂടെയുള്ള സ്‌ളൂയീസ് വാൽവിലൂടെ കുറുന്തറ പുഴയിലേക്ക് ഒഴുകിപ്പോകുന്ന സംവിധാനമായിരുന്നതിനാൽ പുത്തൻതോട്ടിൽ ജലനിരപ്പ് ഉയർന്നാലും അടിയം ചാലിലേക്ക് വെള്ളം കയറില്ലായിരുന്നു. എന്നാൽ നവീകരണ പ്രവർത്തനത്തിന്റെ ഭാഗമായി മിഠായിക്കുന്നം മുതൽ കരികനാൽ വരെയുള്ള അടിയം ചാലിന്റെ മൂന്നര കിലോമീറ്റർ ദൂരം ആഴംകൂട്ടി ഇരുവശവും കരിങ്കൽ സംരക്ഷണഭിത്തി കെട്ടി ബലപ്പെടുത്തിയെങ്കിലും താഴപ്പള്ളി പാലത്തിന് സമീപം ഷട്ടർ നിർമ്മാണം പൂർത്തീകരിക്കാത്തതായിരുന്നു പ്രദേശവാസികളുടെ ഭീതി വർദ്ധിപ്പിച്ചിരുന്നത്. ഷട്ടർ സ്ഥാപിക്കുന്നതിന് മുൻപ് ആറ്റിൽ നിന്നും വെള്ളം കയറാതിരിക്കാനായി സമീപത്ത് താത്ക്കാലികമായി നിർമ്മിച്ച ബണ്ടും പൊളിച്ചുമാറ്റിയിരുന്നു. അടിയംചാൽ കുറുന്തറപ്പുഴയുമായി ബന്ധിപ്പിച്ചിരുന്ന കരികനാൽ ഇപ്പോൾ നേരിട്ട് പുത്തൻതോടുമായി ബന്ധിപ്പിച്ചത് മൂലം ആറ്റിലെ ജലനിരപ്പ് ഉയരുമ്പോൾ അതിന് സമാനമായി അടിയംചാലിലും ജലനിരപ്പ് ഉയരുകയും അടിയം പ്രദേശത്തെ നൂറുകണക്കിന് വീടുകൾ വർഷ കാലത്ത് വെള്ളപ്പൊക്ക ഭീഷണിയിലാകുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. മൂവാറ്റുപുഴ ആറിൽ നിന്നും പുത്തൻ തോട്ടിലേക്ക് കയറി വരുന്ന വെള്ളം താഴപ്പള്ളി ഭാഗത്ത് ഷട്ടർ ഉപയോഗിച്ച് തടയാൻ കഴിഞ്ഞില്ലെങ്കിൽ ചന്തപാലത്തിന് സമീപം ഉള്ള ഷട്ടർ ഉപയോഗിച്ച് വേണം ഇത് നിയന്ത്രിക്കാൻ. അങ്ങനെ വന്നാലും പുഴയിൽ നിന്നും കയറി വരുന്ന വെള്ളം അടിയംചാല് വഴി കടന്നുപോകും. ഇത് പ്രദേശത്തെ വെള്ളത്തിനടിയിലാക്കുന്ന സ്ഥിതിവിശേഷമായിരുന്നു. ഷട്ടർ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും കരാറുകാരന്റെ അനാസ്ഥയാണ് നിർമ്മാണ പ്രവർത്തനം വൈകാൻ കാരണമെന്നും ആരോപണം ശക്തമായിരുന്നു. കഴിഞ്ഞ 31 ന് ഇത് സംബന്ധിച്ച് കേരള കൗമുദിയിൽ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് അധികൃതർ നിർമ്മാണ പ്രവർത്തനം വേഗത്തിലാക്കിയത്. നിർമ്മാണം പൂർത്തിയായ കോൺക്രീറ്റ് ബീമിൽ മൂന്നര മീറ്റർ ഉയരത്തിലുള്ള ഷട്ടർ കഴിഞ്ഞ ദിവസം സ്ഥാപിച്ചെങ്കിലും ഷട്ടർ പൂർണ്ണമായി നിലത്ത് മുട്ടാത്തതിനാൽ പുഴയിൽ നിന്നും വെള്ളം ഇതിനിടയിലൂടെ കയറുന്ന സ്ഥിതിയാണ്. ഇതിന് പുറമെ ഷട്ടർ ഉയർത്തുന്നതിനും താഴ്ത്തുന്നതിനും ആവശ്യമായ മെക്കാനിക്കൽ നിർമ്മാണം കൂടി ഇനിയും പൂർത്തികരിക്കേണ്ടതുണ്ട്.

നിർമ്മാണ പ്രവർത്തനം നടക്കുന്നതിനിടെ നിലത്ത് വീണ കോൺക്രീറ്റിൽ ഷട്ടർ ഇടിച്ച് നിൽക്കുന്നതാണ് വിടവിലൂടെ വെള്ളം കയറാൻ കാരണം. ഇത് ഉടൻ ചിപ്പ് ചെയ്ത് മാറ്റും. രണ്ടാഴ്ച്ചക്കകം ഷട്ടറിന്റെ മെക്കാനിക്കൽ സംബന്ധമായ എല്ലാ ജോലികളും പൂർത്തീകരിക്കും.

ബാലശങ്കർ (അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ, മൈനർ ഇറിഗേഷൻ, പാലാ)