ചങ്ങനാശേരി: പ്രളയബാധിതരുടെ ആരോഗ്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ മുട്ടാർ ഗ്രാമപഞ്ചായത്തിൽ 'ആരോഗ്യഗ്രാമ'ത്തിന് തുടക്കമാകുന്നു. ചങ്ങനാശേരി ചാരിറ്റി വേൾഡാണ് മുട്ടാർ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കുന്നത്. മഹാപ്രളയത്തിൽ തകർടിഞ്ഞ മുട്ടാർ ഗ്രാമത്തിലെ ജനതയുടെ ആരോഗ്യം സംരക്ഷിക്കുക, കുടിവെള്ളപ്രശ്‌നത്തിനും, ശൗചാലയങ്ങളുടെ ശോചനീയാവസ്ഥയ്ക്കും ഒരു പരിധിവരെ പരിഹാരം കണ്ടെത്തുക എന്നിവയാണ് 'ആരോഗ്യഗ്രാമം' ലക്ഷ്യം വയ്ക്കുക. 'ഒരു ഗ്രാമീണജനതയുടെ മുന്നേറ്റം' എന്ന മുദ്രാവാക്യവുമായി ഒരു വർഷം നീണ്ടുനില്ക്കുന്ന വിപുലമായ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ആരോഗ്യഗ്രാമത്തിന്റെ ഉദ്ഘാടനം രണ്ടു ഘട്ടങ്ങളിലായി രണ്ടു മേഖലകളിൽ നടത്തപ്പെടും. മിത്രക്കരി മേഖലയിലെ ഉദ്ഘാടനം 22ന് സെന്റ് സേവ്യേഴസ് പാരിഷ്ഹാളിൽ 3നും മുട്ടാർ മേഖലയുടെ ഉദ്ഘാടനം 23ന് സെന്റ് ജോർജ്ജ് പാരിഷ്ഹാളിൽ 3നു നടക്കും. ചങ്ങനാശേരി അതിരൂപതാ ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ജോസഫ് അദ്ധ്യക്ഷത വഹിക്കും.