കോട്ടയം: ഡിസംബറോടെ കോട്ടയം സമ്പൂർണ ഭക്ഷ്യസുരക്ഷാ ജില്ലയാക്കുമെന്ന്
ഭക്ഷ്യ സുരക്ഷ നോഡൽ ഓഫീസർ അക്ഷയ വിജയന്റെ ഉറപ്പ്.
ഇതിനായി കഴിഞ്ഞ വർഷം ജൂണിൽ ആരംഭിച്ച സർക്കാർ പദ്ധതി പ്രകാരം അതി വേഗം പുരോഗമിക്കുകയാണ്. 2312 സ്ഥാപനങ്ങൾ പുതുതായി ഭക്ഷ്യസുരക്ഷാ ലൈസൻസ് എടുത്തു. പരിശോധനകളിൽ വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന 1200 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും, 33 സ്ഥാപനങ്ങൾ പൂട്ടുകയും ചെയ്‌തു.
പദ്ധതിയിലേയ്ക്ക് ജില്ലയിലെ എട്ടു സോണുകളിൽ നിന്നുള്ള ഏഴു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കഴിഞ്ഞ വർഷം തെരഞ്ഞെടുത്തിരുന്നു. ഓരോ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലും അഞ്ചു വീതം ലൈസൻസ് മേളകൾ നടത്തി. ഈ മേളകൾ വഴി ആയിരത്തോളം സ്ഥാപനങ്ങൾക്കാണ് ലൈസൻസ് നൽകിയത്. ഇതുകൂടാതെ ജില്ലാ പഞ്ചായത്തിൽ നടത്തിയ മേളയിൽ 600 സ്ഥാപനങ്ങളും ഈരാറ്റുപേട്ടയിൽ നടന്ന മേളയിൽ 350 സ്ഥാപനങ്ങൾക്കും ലൈസൻസ് നൽകി.
പരിശോധന കർക്കശമാക്കും
ജില്ലയിൽ ഭക്ഷ്യസുരക്ഷിതത്വം കൈവരിക്കുന്നതിന്റെ ഭാഗമായി പരിശോധന ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക സ്‌ക്വാഡുകളെ നിയോഗിക്കും. കൂടുതൽ മോഡൽ പഞ്ചായത്തുകൾ കണ്ടെത്താനും ഇവിടങ്ങളിൽ ബോധവത്കരണ ക്ലാസുകളും ലൈസൻസ് മേളകളും നടത്താനും തീരുമാനമായി. ഹോട്ടൽ ഉടമകൾക്കും, ജീവനക്കാർക്കും അവരുടെ സംഘടനകളുടെ സഹകരണത്തോടെ ക്ലാസ് നടത്തും. ആരോഗ്യ സെമിനാറുകളും മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കും.