bus-stand

കുറുപ്പന്തറ : ബസുകൾ കയറാതെ ബസ് സ്റ്റാൻഡ് ടാക്സി സ്റ്റാൻഡായി മാറിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ല. വർഷങ്ങൾക്ക് മുമ്പ് പൊലീസ് കുറുപ്പന്തറ ബസ് സ്റ്റാൻഡിൽ ബസുകൾ കയറുന്നതിന് നടപടിയെടുത്തിരുന്നു. എന്നാൽ ഇപ്പോൾ പൊലീസോ ഹോം ഗാർഡോ ഉള്ളപ്പോൾ മാത്രമാണ് ബസുകൾ സ്റ്റാൻഡിൽ കയറുന്നത്. നിലവിൽ ബസ് സ്റ്റാൻഡിന്റെ മുൻപിലുള്ള സ്റ്റോപ്പിലാണ് ബസുകൾ ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. ഇവിടെ വെയിറ്റിംഗ് ഷെഡോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്തതും യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് ആക്കം കൂട്ടുന്നു. കുറുപ്പന്തറ ബസ് സ്റ്റാൻഡിൽ ബസുകൾ ഇടുന്നതിനുള്ള സൗകര്യം, ബസ് കാത്തിരിപ്പു കേന്ദ്രം, സ്ത്രീകൾക്കും പുരുഷൻമാർക്കുമായി കംഫർട്ട് സ്റ്റേഷനുകൾ തുടങ്ങീ എല്ലാവിധ സൗകര്യങ്ങളും ബസ് സ്റ്റാൻഡിലുണ്ട്. എന്നാൽ ബസുകൾ കയറാതായതോടെ ബസ് സ്റ്റാൻഡ് ടാക്സി സ്റ്റാൻഡായി മാറി. പലതവണ ഗ്രാമപഞ്ചായത്ത് അധികൃതർ ബസ് ഒാണേഴസ് അസോസിയഷന് ബസുകൾ സ്റ്റാൻഡിൽ കയറ്റണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ല. ഇതോടെ ബസ് സ്റ്റേഷൻ നിർമ്മാണത്തിനായി ഗവൺമെന്റ് ചിലവഴിച്ച ലക്ഷക്കണക്കിന് രൂപയാണ് ആർക്കും ഉപയോഗമില്ലാതെ പാഴായി കൊണ്ടിരിക്കുന്നത്. ബസ് സ്റ്റാൻഡിൽ ബസുകൾ പ്രവേശിപ്പിക്കുന്നതിന് പഞ്ചായത്ത് അധികൃതരും പൊലീസും കർശനമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.