പൊൻകുന്നം: പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയുടെ രണ്ടാം ഘട്ടം നിർമ്മാണത്തിനായുള്ള ടെൻഡർ നടപടികൾ പൂർത്തിയായപ്പോൾ അടുത്ത കുരുക്കുവീണു. കരാർ ലഭിക്കാതെ പോയ ആൾ നിയമ നടപടിയിലേക്ക് നീങ്ങിയതാണ് പുതിയ തടസം. പൊൻകുന്നം മുതൽ പുനലൂർ വരെ 82.073 കിലോമീറ്റർ റോഡാണ് രണ്ടാം ഘട്ടത്തിൽ പൂത്തിയാകുന്നത്. മൂന്നുറീച്ചുകളായി തിരിച്ച് നിർമ്മാണം നടക്കുന്ന റോഡിന്റെ മൂന്നു റീച്ചുകളുടെയും ടെണ്ടർ നടപടികൾ പൂർത്തിയാക്കി അടുത്ത നടപടിയിലേക്ക് നീങ്ങാനിരിക്കെയാണ് സംഭവം. കോടതിയിൽ നൽകിയിരിക്കുന്ന പരാതി സംബന്ധിച്ച വിശദാംശങ്ങൾ കെ.എസ്.ടി.പിക്ക് ലഭിച്ചിട്ടില്ല. രണ്ടുമൂന്നു ദിവസത്തിനുള്ളിൽ ലഭിക്കുമെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാലാണ് ടെൻഡർ നടപടികൾ വൈകിയിരുന്നു. അതു കഴിഞ്ഞപ്പോഴാണ് അടുത്ത കുരുക്കുവീണത്. നിർമ്മാണ കാലാവധി 2021 വരെ നീട്ടി നൽകിയിട്ടുണ്ടെങ്കിലും നിരന്തരം തടസങ്ങളുണ്ടായാൽ നിശ്ചിത കാലയളവിൽ പണി പൂർത്തിയാക്കാനാകുമോ എന്ന ആശങ്കയിലാണ് കെ.എസ്.ടി.പി. പദ്ധതി നിർമ്മാണം പുറത്തുനിന്നുള്ള അതോറിട്ടി എക്‌സിക്യൂട്ടീവ് എൻജിനീയറുടെ മേൽനോട്ടത്തിലായിരിക്കും.