കോട്ടയം: ജില്ലാ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യുടെ നേതൃത്വത്തിൽ സോഷ്യൽ ഓഡിറ്റ് നടത്തണമെന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി അഖിൽ രവീന്ദ്രൻ ആവശ്യപ്പെട്ടു. ലക്ഷങ്ങൾ മുടക്കി നിർമിച്ച മാലിന്യ സംസ്‌കരണ പ്ലാന്റ് കഴിഞ്ഞ രണ്ട് മാസക്കാലമായിട്ടും പ്രവർത്തിക്കാതെ കിടക്കുന്നു. മാലിന്യങ്ങൾ ആശുപത്രിക്കു സമീപം കൂട്ടിയിട്ടു കത്തിക്കുന്നതുമൂലം അന്തരീക്ഷം മലിനമായികൊണ്ടിരിക്കുന്നു. ഇതുമൂലം നവജാത ശിശുക്കൾക്ക് പോലും മാരകമായ രോഗങ്ങൾ സമ്മാനിക്കുകയാണ്.കെട്ടിടത്തിന്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റിനുവേണ്ടി കഴിഞ്ഞമാസം 25ന് ആശുപത്രി സൂപ്രണ്ട് പൊതുമരാമത്ത് വകുപ്പിന് കത്തയച്ചതാണ് . എന്നാൽ യാതൊരുനടപടിയും ഉണ്ടായിട്ടില്ല. എം.എൽ.എ അടിയന്തിരമായി ജില്ലാ ആശുപത്രിയിൽ എത്തുകയും പ്രശ്‌നപരിഹാരം കണ്ടെത്തുകയും വേണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരവുമായി യുവമോർച്ച മുൻപോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് ലാൽ കൃഷ്ണ, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് നന്ദൻ നട്ടാശേരി, ജില്ലാ ജനറൽ സെക്രട്ടറി സോബിൻ ലാൽ, ബിനു മോൻ, വിഷ്ണു നാഥ്, വരപ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആശുപത്രി സന്ദർശിച്ചശേഷം നടത്തിയ പ്രസ്താവനയിലാണ് അഖിൽ രവീന്ദ്രൻ ഈ കാര്യം ആവശ്യപ്പെട്ടത്.