കറുകച്ചാൽ: കാറിൽ എത്തിയ അഞ്ചംഗ സംഘത്തിന്റെ വീട് കയറിയുള്ള ആക്രമണത്തിൽ ഗൃഹനാഥനും ഭാര്യയ്ക്കും മകനും പരിക്ക്. ശാന്തിപുരം ചേറ്റുതടം ഭാഗത്ത് മുതിഞ്ഞാറക്കുളം ബാബു, ഭാര്യ സുജാത , മകൻ സുധീഷ് ബാബു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കറുകച്ചാൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസിയായ കുഞ്ഞുമോന്റെ മകൻ അമിതവേഗതയിൽ ബൈക്കിൽ പോകുന്നത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. ഇതിന്റെ പേരിൽ കുഞ്ഞുമോൻ അക്രമി സംഘത്തേയും കൂട്ടി ഇന്നലെ പുലർച്ചെ ആറിന് ബാബുവിന്റെ വീട്ടിൽ അതിക്രമിച്ചുകയറി അക്രമം നടത്തുകയായിരുന്നു. ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ സ്ഥലം വിട്ടു. ഇവർ സഞ്ചരിച്ച കാർ ഉപേക്ഷിച്ചാണ് സംഘം സ്ഥലം വിട്ടത്. തുടർന്ന് കറുകച്ചാൽ പൊലീസ് സ്റ്റേഷനിൽ പരാതി നല്കി.
പിന്നീട് ഓപ്പറേഷൻ റെയിൻബോയുടെ ഭാഗമായി ഇന്നലെ രാവിലെ പൊലീസ് നടത്തിയ പരിശോധനയിൽ 10.30ഓടെ കറുകച്ചാൽ എൻ.എസ്.എസ് സ്‌കൂൾ പരിസരത്തു നിന്ന് അക്രമി സംഘത്തിൽപ്പെട്ട രണ്ടുപേർ പിടിയിലായി. ആലപ്പുഴ കളക്ട്രേറ്റിന് പടിഞ്ഞാറ് ഭാഗത്ത് കാക്കിരിയിൽ വീട്ടിൽ സിബിച്ചൻ മകൻ ഓമനക്കുട്ടൻ എന്നു വിളിക്കുന്ന ജോസഫ് (19), ആലപ്പുഴ പുന്നപ്ര ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ സാബു മകൻ ശ്രീജിത്ത് (24) എന്നിവരാണ് പിടിയിലായത്. അക്രമികളുടെ കാറിനുള്ളിൽ നിന്നും കഞ്ചാവ് പൊതികളും കണ്ടെടുത്തിട്ടുണ്ട്. പിടികൂടിയവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കറുകച്ചാൽ പൊലീസ് സബ് ഇൻസ്‌പെക്ടർ ഇ.വി ഷിബു, എ.എസ്.ഐ അജയഘോഷ്, സി.പി.ഒ സഞ്ചോ, ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.