ചങ്ങനാശേരി: തൃക്കൊടിത്താനം പഞ്ചായത്ത് ഓഫീസിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് അച്ഛനും മകൾക്കും പരിക്കേറ്റു. തൃക്കൊടിത്താനം പുലിക്കോട്ടുപടി കിടങ്ങിൽ ശശിലാലിനും (66) മകൾ രാഖിക്കുമാണ് (33) പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 5.45 ഓടെയായിരുന്നു അപകടം. ബൈക്കിൽ ഇരുവരും വരുമ്പോൾ എതിരെ എത്തിയ ഓട്ടോയുടെ കണ്ണാടിയിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് നിരങ്ങി മുമ്പോട്ടു പോവുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറയുന്നു. വാഹനത്തിൽ നിന്നും തെറിച്ചു ശശിലാൽ ഓടയിലേക്കു വീണു. ഇതിനു പിന്നാലെ ശശിലാലിനു മുകളിലേയ്ക്കു മകളും വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും പുറത്തെടുത്തപ്പഴേക്കും ബോധം നഷ്ടപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.