ഏറ്റുമാനൂർ: നഗരസഭയുടെ ഷോപ്പിംഗ് കോപ്ലക്‌സ് കം മൾട്ടിപ്ലക്‌സ് തിയേറ്റർ നിർമ്മാണം ഉടൻ ആരംഭിക്കും. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചീരൻസ് എന്ന കമ്പനിയ്ക്കാണ് നിർമ്മാണ ചുമതല.
എറ്റുമാനൂർ നഗരത്തിന്റെ ഹൃദയത്തിൽ സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിലേക്ക് കയറുന്ന ഭാഗത്തായി ചിറക്കുളത്തിനടുത്താണ് പുതിയ ഷോപ്പിംഗ് കോംപ്ലക്‌സും മൾട്ടി തിയേറ്ററും നിർമ്മിക്കുന്നത്. നിർമ്മാണം ആരംഭിക്കുന്നതിന്റെ ഭാഗമായി ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. നിർമ്മാണം മേഖലയിലേയ്ക്ക് വാഹനങ്ങൾ കയറാതിരിക്കാനും,തടസങ്ങളുണ്ടാകാതിരിക്കാനുമായി ഇരുമ്പ് ഷീറ്റ് കൊണ്ട് ബാരിക്കേഡുകൾ തീർത്തു. കേരള അർബൻ റൂറൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപറേഷൻ ഡയറക്ടർ ബോർഡ് യോഗം പദ്ധതിക്കായി 15 കോടി രൂപയുടെ വായ്പ അനുവദിച്ചിരുന്നു. 20 വർഷം മുമ്പാണ് ഏറ്റുമാനൂരിൽ ഇത്തരം ഒരു പദ്ധതിയ്ക്ക് രൂപം നൽകിയത്. അന്നു മുതൽ പലവിധ കാരണങ്ങളാൽ പദ്ധതി മുടങ്ങി കിടക്കുകയായിരുന്നു. ഏറ്റുമാനൂർ നഗരസഭയായി ഉയർത്തിയതിന് ശേഷമാണ് പദ്ധതിക്ക് വേഗം വച്ചത്. ഇതിനായി എം.എൽ.എ ഫണ്ടിൽ നിന്നും തുകയും അനുവദിച്ചിരുന്നു. പദ്ധതി പൂർത്തിയാക്കിയാൽ ഏറ്റുമാനൂരിന്റെ മുഖഛായ തന്നെ മാറുന്ന രീതിയുള്ള പദ്ധതിയാണിത്.
മുന്ന് നിലകളിലായി പണി പൂർത്തിയാകുന്ന കെട്ടിടത്തിന് 60,000 സ്‌ക്വയർഫീറ്റാണ് വീസ്തീർണം.അദ്യത്തെ രണ്ടു നിലകളിൽ ഷോപ്പിംഗ് കോപ്ലക്‌സും ഏറ്റവും മുകൾ നിലയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള തിയേറ്ററുമാണ് നിർമ്മിക്കുന്നത്.
ഇതോടോപ്പം തന്നെ വിശാലമായ പാർക്കിംഗ് സൗകര്യങ്ങളും ഒരുക്കിയാണ് പദ്ധതിയുടെ രൂപ രേഖ തയാറാക്കിയിരിക്കുന്നത്.നിർമാണം പൂർത്തിയാക്കി ഒരു വർഷം കഴിയുമ്പോൾ തന്നെ മാസ തവണകളായി വായ്പ തിരിച്ചടയ്ക്കണം. നിലവിൽ എം.സി റോഡരുകിൽ സ്ഥിതി ചെയ്യുന്ന കടകമ്പോളങ്ങൾ നിർമാണം പൂർത്തിയായതിന് ശേഷം ഷോപ്പിംഗ് കോപ്ലക്‌സിനുള്ളിലേക്ക് മാറ്റും. ഇതിൽ നിന്നും ലഭിക്കുന്ന തുകയിൽ നിന്നും വായ്പ തിരിച്ചടയ്ക്കാനാകുമെന്നാണ് നഗരസഭ പ്രതീക്ഷിക്കുന്നത്.