വൈക്കം: വൈദ്യുതി ബോർഡിന്റെ പുതിയ ത്രീഫേസ് ലൈൻ വലിക്കുവാൻ വന്ന കരാറുകാർ നിറയെ കായ്കളുമായി നിന്നിരുന്ന ജാതി മരത്തിന്റെ ശിഖരങ്ങൾ അനധികൃതമായി മുറിച്ചുമാറ്റിയതായി പരാതി. നഗരസഭ 5ാം വാർഡിൽ മനയ്ക്കപ്പറമ്പിൽ ബിജു ജോസഫിന്റെ കൃഷിയിടത്തിലാണ് നാശം വരുത്തിയത്. ജാതി മരത്തിന്റെ മുകളിൽക്കൂടിയാണ് ത്രീഫേസ് ലൈൻ വലിച്ചിരിക്കുന്നത്. എന്നാൽ തടസമില്ലാതിരുന്ന ശിഖരങ്ങളാണ് മുറിച്ച് മാറ്റിയത്. രണ്ടായിരത്തിലധികം കായ്കൾ നിലത്ത് ചിതറികിടപ്പുണ്ട്. മരത്തിന്റെ ശിഖരങ്ങൾ വെട്ടുന്നതു സംബന്ധിച്ച് ഉടമയോട് ചോദിക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ല. ഉടമയെ വിവരം ധരിപ്പിച്ചിരുന്നുവെങ്കിൽ ശിഖരങ്ങൾ ഒതുക്കി കെട്ടി നിർത്താമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കൃഷി ഓഫീസർ അനിൽ കുമാറും, അസ്സി. കൃഷി ഓഫീസർ മേയ്‌സൺ മുരളിയും സംഭവസ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. വൈദ്യുതി ബോർഡിനും പരാതി കൊടുത്തിട്ടുണ്ട്.