കോട്ടയം: കിഴക്കൻ വെള്ളം എത്തിയതോടെ പാടങ്ങളും കൈതോടുകളും പുഴകളുമെല്ലാം നിറഞ്ഞു. ഇതോടെ

ഊത്തപിടുത്തവും ജില്ലയിൽ സജീവമായി. വീശുവലകളും കോരുവലകളും ഉടക്കുവലകളും കൊണ്ട് പ്രായഭേദമന്യേ ആളുകൾ വെള്ളത്തിലിറങ്ങിയതോടെ വലിയ മത്സ്യങ്ങൾക്കൊപ്പം ചെറു മീനുകളും നശിക്കുകയാണ്. ഈ സാഹചര്യത്തിൽ ശുദ്ധജല മത്സ്യങ്ങളുടെ നിലനിൽപ്പ് തന്നെ ഭീഷണിയിലായി. വിവിധയിനം മത്സ്യങ്ങളുടെ മുട്ടകളും വൻതോതിൽ നശിക്കുന്നതായി ചൂണ്ടികാണിക്കപ്പെടുന്നു.

ട്രോളിംഗ് നിരോധനം കടൽ മത്സ്യങ്ങൾക്ക് സംരക്ഷണമാകുമ്പോൾ ഒരു നിയന്ത്രണവുമില്ലാതെ അശാസ്ത്രീയമായാണ് നാടൻ മത്സ്യങ്ങളെ പിടിക്കുന്നത്. ഇത് നിയമവിരുദ്ധമാണെന്ന് നിയമപാലകരും സമ്മതിക്കുന്നു. എന്നാൽ നടപടിയില്ല.

ഫിഷറീസ് വകുപ്പിന് മാത്രമല്ല തദ്ദേശ സ്ഥാപനത്തിനും പൊലീസിനും റവന്യു ഉദ്യോഗസ്ഥർക്കും ഊത്തപിടുത്തത്തിനെതിരെ നടപടിയെടുക്കാം. ഏറെ അപകടം പിടിച്ച രീതിയിലാണ് പലയിടത്തും ഊത്തപിടിത്തം നടക്കുന്നത്. വയർ നിറയെ മുട്ടകളുമായി ഒഴുക്കിനെതിരെ നീന്തി പ്രജനന കേന്ദ്രങ്ങളിലേക്ക് എത്തുന്ന മീനുകൾ സഞ്ചരിക്കുന്ന വഴികളെല്ലാം മുളയും വലയും കൊണ്ട് തടയിണ കെട്ടി കെണി ഒരുക്കിയാണ് പിടിക്കുന്നത്. കൊതുക് വലയ്ക്ക് സമാനമായ വലകളാണ് ഇപ്പോൾ പലയിടങ്ങളിലും മീൻപിടിക്കാൻ ഉപയോഗിക്കുന്നത്. ഇതോടെ എല്ലാ ജലജീവികളും കെണിയിൽപ്പെടുന്നു.

തവളയെ കണികാണാനില്ല

ആമയേയും തവളയേയും ഇപ്പോൾ ജലാശയങ്ങളിൽ കാണാനേയില്ല. തവളയ്ക്കും ഇതേ രീതിയിൽ തന്നെ വംശനാശം നേരിട്ടുകൊണ്ടിരിക്കയാണ്. നെല്ലിനടിക്കുന്ന വിഷം തവളയ്ക്ക് ഭീഷണിയാണ്. നാടൻ ശുദ്ധജലമത്സ്യങ്ങൾ വംശനാശ ഭീഷണി നേരിട്ടതോടെയാണ് ഇവയുടെ പ്രജനനകാലത്തുള്ള മീൻപിടിത്തം 2010 ലെ കേരള അക്വകൾച്ചർ ആൻഡ് ഫിഷറീസ് നിയമപ്രകാരം തടഞ്ഞത്. ഇത് ലംഘിക്കുന്നവർക്ക് 10,000 രൂപ പിഴയോ 3 മാസം തടവോ രണ്ടും കൂടിയോ ലഭിക്കാം. ആവർത്തിച്ചാൽ 6 മാസം തടവോ 10,000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. .

വരാൽ, കാരി, വാള, തൂളി, ആരകൻ, ചെമ്പല്ലി, പള്ളത്തി തുടങ്ങിയവ വംശനാശ ഭീഷണി നേരിടുന്ന ശുദ്ധമത്സ്യങ്ങളാണ്. മൺസൂൺ കാലഘട്ടത്തിലുള്ള അശാസ്തീയ മീൻപിടുത്തമാണ് വംശനാശത്തിന് ഒരു കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

നിയമത്തിലെ പോരായ്മകൾ പരിഹരിച്ച് നിയന്ത്രണം കർശനമാക്കുന്നതോടൊപ്പം ബോധവത്കരണ പ്രവർത്തനങ്ങളും ഊർജിതമാക്കുകയാണ് വേണ്ടത്.