ഏഴംകുളം : ദിനംപ്രതി 250 ഒാളം രോഗികൾ ചികിത്സ തേടി വരുന്ന കൈതപറമ്പിൽ പ്രവർത്തിക്കുന്ന ഏഴംകുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടർ മാത്രം. നാട്ടിൽ പനി പടർന്നു പിടിച്ചതോടെ ഇന്നലെ 250 പേരാണ് ഇവിടെ ചികിത്സ തേടിയെത്തിയത്. മണിക്കൂറുകളോളം കാത്ത് നിന്നാണ് പലരും ഡോക്ടറെ കണ്ടത്. മാസത്തിൽ ആറ് ദിവസം കുഞ്ഞുങ്ങൾക്കുള്ള കുത്തിവയ്പിനായ് ഡോക്ടർക്ക് ആശുപത്രിക്ക് പുറത്ത് പോകണം.കൂടാതെ ഒരു ദിവസം ഡി.എം.ഒ കോൺഫ്രൻസിലും ഒരു ദിവസം ബ്ലോക്ക് തല യോഗത്തിലും ഡോക്ടർക്ക് പങ്കെടുക്കേണ്ടി വരും. ഈ ദിവസങ്ങളിൽ ഒ.പി വി ഭാഗം പ്രവർത്തിക്കാറില്ല. രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചകളിലും ഡോക്ടർ അവധിയാണ്. ഇതോടെ വളരെ കുറച്ച് ദിവസം മാത്രമാണ് ഡോക്ടറുടെ സേവനം ലഭിക്കുക. ഡോക്ടറെ കൂടാതെ ഒരു സ്റ്റാഫ് നഴ്സും ഫാർമസി സ്റ്റും ഓഫീസ് ജീവനക്കാരും ഉണ്ട്. കർഷകരും തൊഴിലാളികളും കൂടുതലായി പാർക്കുന്ന പ്രദേശമാണിത്. ആരോഗ്യകേന്ദ്രത്തെ സി.എച്ച്.സിയാക്കി ഉയർത്തിയാൽ മാത്രമേ കൂടുതൽ ആരോഗ്യപ്രവർത്തകരുടെ നിയമനം സാദ്ധ്യമാകൂ.
ഡോക്ടറുടെ സേവനം ലഭിക്കുക
രാവിലെ 9 മുതൽ ഉച്ച വരെ
21 ലക്ഷം രൂപ അനുവദിച്ചു
പഞ്ചായത്തും നാഷണൽ ഹെൽത്ത് മിഷനും സംയുക്തമായി നടത്തിയ ശ്രമ ഫലമായി ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 21 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുക ചെലവഴിച്ച് രോഗികൾക്ക് വിശ്രമിക്കാനുള്ള സൗകര്യം , ലാബിന്റെ വിപുലീകരണം എന്നിവ ഒരുക്കും.