മറയൂർ: കുടുംബവഴക്കിനെ തുടർന്ന് യുവാവ് സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തി. രക്ഷിക്കാൻ ശ്രമിച്ച ഭാര്യക്കും അഞ്ചര വയസ്സുകാരൻ മകനും പൊള്ളലേറ്റു. മറയൂർ പഞ്ചായത്ത് പള്ളനാട്ടിൽ ബുധനാഴ്ച രാത്രി 11.20 നാണ് സംഭവം. പള്ളനാട് സ്വദേശി മണികണ്ഠനാണ് (35) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 85 ശതമാനം പൊള്ളലേറ്റ മണികണ്ഠനെ ഗുരുതരമായ നിലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ പൂമാരി (28) മകൻ വിഷ്ണു (അഞ്ചര ) എന്നിവരെ മറയൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.

മരംമുറിക്കുന്ന യന്ത്രവാൾ ഓപ്പറേറ്ററാണ് മണികണ്ഠൻ. രാത്രി 11 മണിയോടു കൂടി ഭാര്യയുമായി ഉണ്ടായ തർക്കത്തിനൊടുവിൽ യന്ത്രം പ്രവർത്തിപ്പിക്കാൻ വീട്ടിൽ സൂക്ഷിച്ചിരുന്ന പെട്രോൾ എടുത്ത് വീടിന് പുറത്തിറങ്ങി ശരീരത്ത് ഒഴിച്ച് കത്തിക്കുകയായിരുന്നു. തീ പടർന്നതോടുകൂടി ഭാര്യ കുട്ടിയുമായി എത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇവർക്ക് പിടികൊടുക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു.