കോട്ടയം: മറയൂർ ചന്ദനം ആന്ധ്രയിലെ ഫാക്ടറിൽ വച്ച് ഓയിലും പൗഡറുമാക്കി ദുബായിൽ എത്തിച്ച് ബിസിനസ് കൊഴുപ്പിച്ച ചന്ദനകൊള്ളക്കാരൻ അറസ്റ്റിൽ. മലപ്പുറം മഞ്ചേരി സ്വദേശി ഹസ്കർ (43) ആണ് പിടിയിലായത്. കഴിഞ്ഞദിവസം ആന്ധ്രയിലെ ബൊമ്മസമുദ്രത്തെ അനധികൃത ചന്ദനഫാക്ടറിയിൽ നിന്ന് ഒരു കോടിയോളം വിലവരുന്ന 720 കിലോ ചന്ദനമുട്ടികളും ചീളുകളും കേരള വനംവകുപ്പ് പിടിച്ചെടുത്തതിനെ തുടർന്ന് ആന്ധ്രാ വനംവകുപ്പ് ഇയാളെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 2009-ൽ റദ്ദാക്കിയ ഫാക്ടറിയുടെ ലൈസൻസ് പുതുക്കിത്തരാമെന്ന് പറഞ്ഞാണ് ദുബായിലായിരുന്ന ഹസ്കറിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ വിളിച്ചുവരുത്തിയത്. എയർപോർട്ടിൽ ഇറങ്ങിയ ഉടനെ ചിറ്റൂരിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൈയോടെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദുബായിലേയ്ക്ക് ചന്ദന ഓയിലും പൗഡറും കടുത്തുന്ന സംഘത്തെയും നേതാവിനെയും കുരുക്കാൻ മറയൂർ വനംവകുപ്പ് ഉദ്യോഗസ്ഥർ ദുബായിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് ഹസ്കറിനെ ആന്ധ്രാ വനംവകുപ്പ് കുരുക്കിയത്.
മമലപ്പുറം പൂക്കോട്ടൂർ പുല്ലാര സ്വദേശി ഷൊഹൈബ് (കുഞ്ഞാപ്പു-36) പിടിയിലായതോടെയാണ് ആന്ധ്രയിലെ ചന്ദന ഫാക്ടറിയെക്കുറിച്ചും അവിടെനിന്ന് ചന്ദന ഉല്പന്നങ്ങൾ ദുബായിലേക്ക് കടത്തുന്നതിനെക്കുറിച്ചും വിവരം ലഭിച്ചത്. ഇതേതുടർന്നാണ് മൂന്നാർ ഡി.എഫ്.ഒ നരേന്ദ്രബാബു, മറയൂർ സാന്റൽ ഡിവിഷൻ ഡി.എഫ്.ഒ ബി.രഞ്ജിത്, മറയൂർ റേഞ്ച് ഓഫീസർ ജോബ്.ജെ. നേര്യംപറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ 25 അംഗ സായുധസംഘം ആന്ധ്രയിലെ ഫാക്ടറിയിൽ പരിശോധന നടത്തി 300 കിലോ ചന്ദനപ്പൊടിയും 400 കിലോ ചന്ദന ചീളുകളും 20 കിലോ ചന്ദനമുട്ടികളും പിടിച്ചെടുത്തത്.
തൊണ്ടി മുതൽ കേരളത്തിലേക്ക് കൊണ്ടുവരവേ ആന്ധ്ര വനംവകുപ്പ് ഉദ്യോഗസ്ഥർ കേരള സംഘത്തെ തടഞ്ഞു. തുടർന്ന് കേരള വനംവകുപ്പ് മന്ത്രി കെ.രാജു ആന്ധ്രയിലെ മന്ത്രിയുമായി സംസാരിച്ചതോടെയാണ് കേരള സംഘത്തെ വിട്ടയച്ചത്. കേരളത്തിലെ സർക്കാർ ചന്ദന ഫാക്ടറിയുടെ നാലിരട്ടി സൗകര്യങ്ങളാണ് ആന്ധ്രയിലെ ഫാക്ടറിയിലുള്ളത്. മൂന്നു ബോയിലറുകൾ മാത്രമാണ് മറയൂരിലെ ഫാക്ടറിയിലുള്ളത്. എന്നാൽ 13 ബോയിലറുകളാണ് ആന്ധ്രയിലെ അനധികൃത ഫാക്ടറിയിൽ പ്രവർത്തിച്ചിരുന്നത്. വാളയാറിൽ പ്രവർത്തിച്ചിരുന്ന ചെറുതും വലുതുമായ പതിമൂന്നോളം സ്വകാര്യ ചന്ദനഫാക്ടറികൾ പൂട്ടിയതോടെയാണ് ആന്ധ്രയിലേക്ക് പറിച്ചുനട്ടത്. 2009 വരെ ഈ ഫാക്ടറിക്ക് ലൈസൻസ് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ലൈസൻസ് ഇല്ലാതെയാണ് ഇത് പ്രവർത്തിച്ചുപോന്നത്. മറയൂരിൽനിന്നും വൈട്ടിയെടുക്കുന്ന ചന്ദനം ആഡംബര കാറുകളിലാണ് ആന്ധ്രയിലെ ഫാക്ടറിയിലേക്ക് കടത്തിയിരുന്നത്. മലപ്പുറം കേന്ദ്രീകരിച്ചുള്ള രണ്ട് സംഘങ്ങളാണ് ചന്ദനം ഫാക്ടറിയിൽ എത്തിക്കുന്നത്. ഇതിൽ ഷൊഹൈബിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയതോടെയാണ് ചന്ദനം ദുബയിലെത്തുന്ന വിവരം മറയൂർ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. ഫാക്ടറിയിൽ ചന്ദനം എത്തിക്കുന്ന ഗഫൂറിനായി വനംവകുപ്പ് അന്വേഷണം തുടരുകയാണ്. ഇതുസംബന്ധിച്ച വാർത്ത ഇന്നലെ 'ഫ്ലാഷ്' നൽകിയിരുന്നു.